കെ-റെയിലിന് മുന്‍ഗണന വേണോയെന്ന് പുനാരാലോചിക്കണം; പിടിവാശികള്‍ ഉപേക്ഷിക്കുക- സച്ചിദാനന്ദന്‍


സച്ചിദാനന്ദൻ| ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ, മാതൃഭൂമി

തൃശൂര്‍: കെ-റെയില്‍ വിഷയത്തില്‍ പരിസ്ഥിതി സംരക്ഷര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ തള്ളിയും പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചും എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒരു മുന്‍ഗണന നല്‍കേണ്ടതാണോ എന്ന് വിനയത്തോടെ പുനരാലോചിക്കണമെന്നും പിടിവാശികള്‍ ഉപേക്ഷിക്കണമെന്നും സച്ചിദാന്ദന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ-റെയില്‍ സംബന്ധിച്ച് തന്റെ അവസാന പോസ്റ്റായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

ഇത് കെ റെയിലിനെക്കുറിച്ചുള്ള എന്റെ അവസാനത്തെ പോസ്റ്റാണ്. ഇവിടെ പോസ്റ്റ് ചെയ്യുന്നത് പത്രങ്ങളും സ്ഥാപിതതാത്പര്യങ്ങള്‍ ഉള്ളവരും ഞാന്‍ പറയുന്നതില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം എടുക്കുകയോ, തെറ്റിദ്ധരിപ്പിക്കുന്ന ശീര്‍ഷകങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് കൊണ്ടാണ്. ഇനി ഈ വിഷയത്തെപ്പറ്റി ഞാന്‍ പത്രക്കാരോട് സംസാരിക്കുകയില്ല.

ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ വിഫലമായി എന്ന് ഞാന്‍ കരുതുന്നില്ല. ഡി പി ആര്‍ പരസ്യമാക്കാനും പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായം തേടാനും പരിമിതികളോടെയെങ്കിലും ഒരു പൊതുചര്‍ച്ച നടത്താനും വീണ്ടും ജില്ലാതലചര്‍ച്ചകള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ചര്‍ച്ചകളുടെ കൂടി ഫലമായാണ്.

ഫേസ്ബുക്കിലും വാട്ട്സപ്പിലും മറ്റും വന്ന്, ഇത് വരെ നടന്ന ഗൗരവമുള്ള ചര്‍ച്ചകളും പഠനങ്ങളും വിഷയവിദഗ്ദ്ധരുടെ ലഘുലേഖകളും ഒന്നും പഠിക്കാതെ, പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും, വിദ്വേഷപ്രചാരണം നടത്തുന്നവരെയും വരാനിരിക്കുന്ന തലമുറകളെക്കുറിച്ചാലോചിക്കാതെ സ്വന്തം തലമുറയുടെ പ്രതിനിധികളായി സ്വയം അവരോധിച്ചിരിക്കുന്നവരെയും തങ്ങളുടെ വികസനസങ്കല്‍പ്പം മാര്‍ക്‌സിസ്റ്റുകളുടെതല്ല, മുതലാളിത്തതിന്റെതാണ് എന്ന് തിരിച്ചറിയാതെ കൂലി വാങ്ങി കണക്കെടുപ്പ് നടത്തുന്നവരെയും വെറുതെ വിടുക.

അഭിപ്രായം പറയുന്നവരെ വികസന വാദികള്‍, പരിസ്ഥിതിവാദികള്‍ എന്ന് ക്ലീന്‍ ആയി വിഭജിക്കുന്ന വികസനവും പരിസ്ഥിതിയും അന്യോന്യം വേര്‍പിരിക്കാന്‍ ആകാത്ത വിധം കെട്ടു പിണഞ്ഞു കിടക്കുമ്പോള്‍- ബുദ്ധിശൂന്യരെയും, പരിസ്ഥിതിവിജ്ഞാനീയം ആധികാരികമായ ഒരു ആധുനികശാസ്ത്രമാണ് എന്ന് തിരിച്ചറിയാതെ ഗൃഹാതുരത്വം പിടി പെട്ട കുറെ പ്രകൃതിഗായകരുടെ കാല്‍പ്പനികസ്വപ്നമാണ് എന്ന് കരുതുന്നവരെയും വെറുതെ വിടുക.

ചിന്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത് പ്രധാനമായും ഇതെല്ലാമാണ്: 1. ഈ പദ്ധതിയുടെ സാമ്പത്തികവശം കൂടുതല്‍ നന്നായി പഠിക്കുക. ഇത് നടപ്പിലാക്കാന്‍ എടുക്കുന്ന വര്‍ഷങ്ങള്‍- ചുരുങ്ങിയത് 15 വര്‍ഷം എന്ന് വിദഗ്ദ്ധര്‍-കൂടി അപ്പോള്‍ കണക്കിലെടുക്കുക. കടബാദ്ധ്യത കൃത്യമായി കണക്കാക്കുക. കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ അത് താങ്ങാന്‍ കഴിയുമോ എന്ന് പരിശോധിക്കുക. സേവന പദ്ധതികള്‍ക്ക് ലാഭമൊന്നും കണക്കാക്കേണ്ടതില്ല, പക്ഷെ അത് ജനതയ്ക്ക് വരുത്തുന്ന, തലമുറകള്‍ നീണ്ടു നില്‍ക്കുന്ന സാമ്പത്തികഭാരം കണക്കാക്കാതെ വയ്യ

2. കേരളത്തിന്റെ ലോലമായ പരിസ്ഥിതിയെ, വിശേഷിച്ചും കാലാവസ്ഥാവ്യതിയാനത്തിന്റെയും കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രക്രുതിദുരന്തങ്ങളുടെയും സന്ദര്‍ഭത്തില്‍, ഇത് എങ്ങിനെ ബാധിക്കും എന്ന് കൃത്യമായി പഠിക്കുക.

3. ഈ പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒരു മുന്‍ഗണന പ്രയോറിട്ടി- ആണോ എന്ന് വിനയത്തോടെ പുനരാലോചിക്കുക. പിടിവാശികള്‍ ഉപേക്ഷിക്കുക.

4. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ തിരഞ്ഞെടുത്തത് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കണക്കിലെടുത്തും കേരളത്തിന്റെ മതസൌഹൃദം ഇടതുപക്ഷത്തിനു സംരക്ഷിക്കാന്‍ കഴിയും എന്ന വിശ്വാസം കൊണ്ടും ആണെന്നും, മാനിഫെസ്റ്റോ വായിച്ചു അതിലെ ഓരോ വാചകത്തിനും അല്ലെന്നും മനസ്സിലാക്കുക.

4.വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ച ബദലുകള്‍- ( പാത ഇരട്ടിപ്പിക്കല്‍, മൂന്നും നാലും ലൈനുകള്‍, സിഗ്‌നല്‍ ആധുനികവത്കരണം) വസ്തുനിഷ്ഠമായി അപഗ്രഥിക്കുക. (ഇത് ഡി പി ആര്‍ തന്നെ ചെയ്യേണ്ടതായിരുന്നു.)

5. ഒരു സമവായം ഇക്കാര്യത്തില്‍ ഉണ്ടാവുകയാണെങ്കില്‍ എങ്ങിനെയെല്ലാം, എവിടെ നിന്നെല്ലാം, തമിഴ്‌നാടും മറ്റും ചെയ്യും പോലെ, കേന്ദ്രത്തില്‍ നിന്നുള്‍പ്പെടെ, സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ കഴിയും എന്നു കണ്ടെത്തുക, അതിന്നാവശ്യമായ സമ്മര്‍ദ്ദം അതതു സ്ഥാപനങ്ങളില്‍ കൊണ്ടു വരിക.ഇക്കാര്യത്തില്‍ ഇനി എനിക്കൊന്നും പറയാനില്ലാത്തത് കൊണ്ട് പത്രങ്ങളും അഭിമുഖകാരന്മാരും വിളിച്ചു ബുദ്ധിമുട്ടിക്കാതിരിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented