നിലയ്ക്കല്‍: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ ഇന്നുതന്നെ മടങ്ങുമെന്ന ഉറപ്പില്‍ ശബരിമലയിലേക്ക് കടത്തിവിട്ടു. എരുമേലിയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പുറപ്പെട്ട ശശികലയെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞെങ്കിലും ഇന്നുതന്നെ തിരിച്ചുവരണമെന്ന ഉറപ്പില്‍ കടത്തിവിട്ടു. 

നിരോധനാജ്ഞ ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് പോലീസ് എഴുതി വാങ്ങി. പോലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ടു നല്‍കാന്‍ ശശികല ആദ്യം തയ്യാറായില്ല.എന്നാല്‍ ഇത് ഒപ്പിട്ടില്ലെങ്കില്‍ യാത്ര അനുവദിക്കില്ലന്ന് പോലീസ് അറിയിച്ചു.തുടര്‍ന്ന് ഒപ്പിട്ട് യാത്ര തുടര്‍ന്നു. എരുമേലി ക്ഷേത്രത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 

nitice to sasikalaപുലര്‍ച്ചെ ഏഴുമണിയോടെ കുടുംബാംഗങ്ങള്‍ക്കും പേരക്കുട്ടികൾക്കുമൊപ്പം  എരുമേലി അമ്പലത്തിൽ നിന്നാണ് ശശികല യാത്ര തുടങ്ങിയത്.  പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയിലേക്ക് പോകുന്നത് എന്നായിരുന്നു അവര്‍ പോലീസിനോട് പറഞ്ഞത്. നിലയ്ക്കലില്‍ വെച്ച് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര ശശികലയോട് സംസാരിച്ചു. തുടര്‍ന്ന് ഏറെനേരം വാക്കുതര്‍ക്കമുണ്ടായി.

ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഇന്നുതന്നെ മടങ്ങണമെന്നും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നും പോലീസ് ശശികലയോട് വ്യക്തമാക്കി. സന്നിധാനത്ത് യോഗം ചേരുകയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു. വിശ്വാസി എന്ന നിലയിലാണ് പോകുന്നതെന്നും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല പോലീസിനെ അറിയിച്ചു. ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ശശികലയ്ക്ക് നോട്ടീസ് നല്‍കുകയും അവര്‍ അത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. തുടര്‍ന്നാണ് അവര്‍ പമ്പയിലേക്ക് തിരിച്ചത്.

sasikala

ഞായറാഴ്ച രാത്രി സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് ശശികലയോട് സന്നിധാനത്ത് തങ്ങരുതെന്ന് നിര്‍ദേശിച്ചതെന്നും  നോട്ടീസ് നല്‍കിയതെന്നും എസ്പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നട അടച്ച ശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ശശികല ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് അവരെ ശബരിമലയിലേക്ക് കടത്തിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: sasikala reached sabarimala, sabarimala women entry, sabarimala protest