മെഹുവ മൊയിത്ര,ശശി തരൂർ
കൊല്‍ക്കത്ത: കാളീദേവിയുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വെട്ടിലായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്രയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
വിദ്വേഷം നിറഞ്ഞ, കെട്ടിച്ചമച്ച വിവാദങ്ങള്‍ എനിക്ക് അപരിചിതമല്ല. എന്നാല്‍ മഹുവ മോയിത്രയ്ക്കെതിരേ നടക്കുന്ന ആക്രമണം എന്നെ ഞെട്ടിച്ചു. എല്ലാ ഹിന്ദുവിശ്വാസികള്‍ക്കും അറിയാവുന്നത് പോലെ, ഹിന്ദു ആരാധന രാജ്യത്തിന്റെ പല ഭാഗത്തും പല തരത്തിലാണ്. അര്‍പ്പിക്കുന്ന വസ്തുക്കള്‍ വ്യക്തമാക്കുന്നത് അത് നേദിക്കുന്നവരെ കുറിച്ചാണ്. അല്ലാതെ ദേവതയെ കുറിച്ചല്ല, ശശി തരൂർ ട്വീറ്റില്‍ പറയുന്നു.
ആരുടെയെങ്കിലും മതവികാരം വ്രണപ്പെടാതെ മതത്തിന്റെ ഒരു വശത്തെ കുറിച്ചും പരസ്യമായി പറയാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് നമ്മള് എത്തിപ്പെട്ടിട്ടുണ്ട്. മഹുവ മോയിത്ര ആരേയും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമാണ്. മതവിശ്വാസം വ്യക്തികളുടെ സ്വകാര്യ വിഷയമായി വിട്ടുകൊടുക്കാന്‍ തയ്യാറാവണമെന്നാണ് ഓരോരുത്തരോടും തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു.
ഇതിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി. നേതാവ് ജിതന്‍ ചാറ്റര്‍ജി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മഹുവയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാദം വന്നതോടെ മഹുവയെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
കാളിദേവിയുമായി ബന്ധപ്പെട്ട സിനിമയുടെ പോസ്റ്ററിനെ കുറിച്ച് അഭിപ്രായം പറയുമ്പോഴായിരുന്നു തന്റെ അഭിപ്രായത്തില്‍ കാളീദേവി മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദൈവമാണെന്ന് മഹുവ അഭിപ്രായപ്പെട്ടത്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിനിടെയായിരുന്നു സംഭവം. ഇത് വിവാദമായതോടെ വിഷയം ബി.ജെ.പി ഏറ്റെടുക്കുകയും വലിയ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ലീനാ മണിമേഖലയുടെ സിനിമാ പോസ്റ്ററിനെ പിന്തുണച്ചതാണ് വിവാദത്തിന് തുടക്കം.
അതിനിടെ പ്രതികരണവുമായി മഹുവ രംഗത്തെത്തി. നിങ്ങളുടെ പോലീസിനേയോ അറിവില്ലായ്മയേയോ വിഡ്ഢിത്തത്തേയോ പേടിക്കുന്നില്ലെന്നും താനും കാളിയെ ആരാധിക്കുന്നയാളാണെന്നും മെഹുവ പറഞ്ഞു. കളവ് പറയുന്നത് കൊണ്ട് ആരും നല്ല ഹിന്ദുവാകാമെന്ന് കരുതേണ്ടെന്നും മെഹുവ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..