കേരളത്തില്‍ തരൂര്‍ ഗ്രൂപ്പ് രൂപപ്പെടുന്നോ?; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശങ്ക


കാര്യമായി രംഗത്തിറങ്ങിയാല്‍ തരൂരിന് കേരളത്തില്‍ സ്വന്തമായി പക്ഷമുണ്ടാക്കാനാവുമെന്നാണ് തരൂരുമായി ബന്ധപ്പെട്ടുള്ള ചില നേതാക്കള്‍ രഹസ്യമായി നല്‍കുന്ന സൂചന.

ശശി തരൂർ,ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ശശി തരൂരിന്റെ മൈലേജ് ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ ഗ്രൂപ്പും ഉയര്‍ന്നുവരുമോയെന്ന ആശങ്കയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഗാന്ധി കുടുംബത്തിന്റെ അനൗദ്യോഗിക പിന്തുണയില്‍ മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരേ 1072 വോട്ടുപിടിച്ച് തരൂര്‍ പാര്‍ട്ടിക്കുള്ളില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കി കഴിഞ്ഞെന്നാണ് അദ്ദേഹവമായി ബന്ധപ്പെട്ട വൃത്തങ്ങളും രാഷ്ട്രീയ നീരീക്ഷകരും നല്‍കുന്ന സൂചന. ഇത് മുന്നില്‍കണ്ടാണ് പരാജയപ്പെട്ടതിന് ശേഷവും തരൂരിനെതിരേ പരസ്യവിമര്‍ശനവുമായി കേരളത്തിലെ നേതാക്കള്‍ അടക്കമുള്ളവർ രംഗത്തെത്തുന്നത്.

കാര്യമായി രംഗത്തിറങ്ങിയാല്‍ തരൂരിന് കേരളത്തില്‍ സ്വന്തമായി പക്ഷമുണ്ടാക്കാനാവുമെന്നാണ് തരൂരുമായി ബന്ധപ്പെട്ടുള്ള ചില നേതാക്കള്‍ നല്‍കുന്ന സൂചന. കോഴിക്കോട് നിന്ന് എം.കെ രാഘവന്‍, കെ.സി അബു എന്നിവരും എറണാകുളത്ത് നിന്ന് ഹൈബി ഈഡനും പത്തനംതിട്ടയില്‍ നിന്ന് മോഹന്‍രാജും തരൂരിന്റെ തോല്‍വിക്ക് ശേഷവും അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൈബറിടങ്ങളിലും തരൂര്‍ തന്നെയാണ് താരം.

'ഷമ്മി തന്നെയാടാ ഹീറോ' എന്നായിരുന്നു തരൂരിന്റെ തോല്‍വിക്ക് ശേഷം ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. യുവാക്കളും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരടക്കമുള്ളവരും വലിയ ആവേശത്തോടെയാണ് ഹൈബി ഈഡന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതിനെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം ചെറുതായല്ല നോക്കിക്കാ ണുന്നത്.

തിരഞ്ഞെടുപ്പിന് ശേഷവും തരൂരിന് ലഭിക്കുന്ന പിന്തുണയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ അമര്‍ഷമുണ്ട്. മത്സരിച്ചുതോറ്റു എന്നതുകൊണ്ടും 1076 വോട്ട് പിടിച്ചു എന്നതുകൊണ്ടും തരൂരിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കേണ്ട കാര്യമില്ലെന്നും യോഗ്യതയുള്ളവര്‍ വേറേയുമുണ്ടെന്നുമായിരുന്നു കെ.മുരളീധരന്‍ എം.പിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. അതുകൊണ്ട് വര്‍ക്കിങ്ങോ, താങ്ങോ ഒന്നും ആവശ്യമില്ലെന്നും മുരളി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മാത്രല്ല, മത്സരിച്ചെന്ന് കരുതി പദവികളില്‍ സംവരണം ലഭിക്കില്ലെന്നും മുരളി പറഞ്ഞിരുന്നു.

തരൂരായിരുന്നു മികച്ചതെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ വോട്ടുകിട്ടുമായിരുന്നല്ലോ എന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ചോദിച്ചത്. തിരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ തരൂരിനെ പരസ്യമായി വെല്ലുവിളിക്കുന്നതും തിരഞ്ഞെടുപ്പിന് ശേഷം കാണാന്‍ കഴിഞ്ഞിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഖാര്‍ഗേയ്‌ക്കേതിരെ മത്സരിച്ചതിന്റെ അമര്‍ഷംകൂടി തരൂരിനോട് തീര്‍ക്കുന്നതായി കേരള നേതാക്കളുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ തോന്നും. തരൂര്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കാമെന്ന സൂചനയാണ് ലഭിക്കുന്നതെങ്കിലും ഇനി വേറെ സ്ഥാനങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കേരള നേതാക്കള്‍. പക്ഷെ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിലൂടെ പാര്‍ട്ടിയില്‍ തന്റെ ഗ്രാഫ് ഉയര്‍ത്തിയ തരൂരിനെ അവഗണിക്കാന്‍ നേതൃത്വത്തിനും സാധിക്കില്ല.

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘമെന്ന് വിലയിരുത്തപ്പെടുന്ന ജി-23 നേതാക്കളില്‍പ്പെട്ട നേതാവാണ് ശശി തരൂരെങ്കിലും അവരുടെപോലും പിന്തുണ തരൂരിന് ലഭിക്കാതിരിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. എന്നിട്ടുപോലും 1072 വോട്ട് പിടിച്ച തരൂര്‍ തന്നെയാണ് യഥാര്‍ഥ വിജയി എന്നാണ് തരൂരിനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നത്. തരൂരിന് പിന്തുണ കൊടുത്താല്‍ പാര്‍ട്ടിക്കുള്ളിലെ അപ്രമാദിത്വം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന തോന്നലാണ് കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കുള്ളത്. തരൂരിന് പിന്തുണ കൂടിയാല്‍ പാര്‍ട്ടിയുടെ കരുത്തെന്ന് കരുതുന്ന യുവജനങ്ങളിലടക്കം സ്വാധീനം നേടാനാവുമെന്ന തോന്നലും ഗ്രൂപ്പ് നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഇത്തരമൊരു സാധ്യത മുളയിലേ നുള്ളുക എന്നതും തരൂരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്ത് വരുന്നതിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: sasi tharoor congress president election kerala leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented