കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയും പുറത്ത്. യു.എ.ഇ. കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്നാണ് സരിത്തിന്റെ മൊഴിലുള്ളത്. ഈ ബാഗില്‍ നോട്ടുകെട്ടുകളായിരുന്നുവെന്നും പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പമാണ് സരിത്തിന്റെ മൊഴിപകര്‍പ്പും സമര്‍പ്പിച്ചിട്ടുള്ളത്. 

ലോക കേരളസഭയുടെ ലോഗോയുള്ള ബാഗിലാണ് പണം കൈമാറിയത്. ബാഗില്‍ പത്ത് നോട്ട് കെട്ടുകളുണ്ടായിരുന്നു. ഇത് കോണ്‍സുല്‍ ജനറലിനുള്ള സമ്മാനമാണെന്നും അദ്ദേഹത്തിന് നല്‍കണമെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഇത് കൈമാറിയ ശേഷം കാലിയായ ബാഗ് താന്‍ വീട്ടില്‍കൊണ്ടുപോയി. ഈ ബാഗാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും സരിത്ത് നല്‍കിയ മൊഴിയിലുണ്ട്. 

നേരത്തെ സ്പീക്കര്‍ക്കെതിരേ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയും പുറത്തുവന്നിരുന്നു. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നും ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാനായിരുന്നു നീക്കമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

Content Highlights: sarith's statement against speaker p sreeramakrishnan