സന്ദീപാനന്ദ ഗിരി ആശ്രമം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. 2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇത് പൂഴ്ത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു. പോലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതാണെന്ന ആരോപണവും ഈ കേസിലുണ്ട്.
മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിച്ചദിവസം സി.പി.എം. നടത്തിയ പ്രകടനത്തിനിടെ കെ.പി.സി.സി. ഓഫീസും ആക്രമിച്ചിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരേ കേസെടുത്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..