Photo: Screengrab
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത്. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ഷാജ് കിരണിന്റെ സുഹൃത്ത് രജിത്ത് എന്നയാൾക്കൊപ്പം കർണാടകയിലെ ഊർജ മന്ത്രി വി സുനിൽകുമാറിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഷാജ് കിരൺ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2021 സെപ്റ്റംബർ 24നാണ് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും മുഖ്യമന്ത്രിയുമായി അടുത്തുള്ള ബന്ധമുള്ളയാളെന്നും ബിലീവേഴ്സ് ചർച്ചുമായി ഇടനിലക്കാരനായി നിൽക്കുന്നയാൾ എന്നുമായിരുന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ പുറത്തുവരുന്ന ചിത്രങ്ങൾ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാജ് കിരണിന്റെ ബിജെപി ബന്ധമാണ് ചിത്രങ്ങളിൽ കൂടി വ്യക്തമാകുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷാജ് കിരണിനൊപ്പം ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു? ഇതിന് പാർട്ടി നേതൃത്വത്തിന് അറിവുണ്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ ജില്ലാ ഘടകങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ബിജെപി വക്താവായ സന്ദീപ് വാര്യർക്കെതിരെ പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നു എന്നാണ് വിവരം.
ഷാജ് കിരണുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യർക്കൊപ്പം, തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന കർണാടക മന്ത്രി സുനിൽ കുമാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി നേതൃത്വം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
കർണാടകയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട്, 100 കോടി രൂപയുടെ വ്യവസായവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഷാജ് കിരണുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നുവന്നപ്പോൾ കർണാടക മന്ത്രി സുനിൽ കുമാർ തന്നെ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നുവെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ സംസ്ഥാന നേതൃത്വത്തിന് വിവരം അറിയുന്നത് എന്നാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേയുള്ള വെളിപ്പെടുത്തൽ നടത്തിയത് ബിജെപിയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് സിപിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
ഷാജ് കിരണിന്റെ കൂടെ നിരവധി പൊതുപ്രവർത്തകരുടെ ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. മുതിർന്ന പല രാഷ്ട്രീയ നേതാക്കളുടെ കൂടെയുള്ള പുറത്തു വന്നിട്ടുണ്ട് അതിനേക്കാളൊക്കെ എത്രയോ ജൂനിയറായിട്ടുള്ള എന്റെ ഫോട്ടോ പുറത്തുവിടുന്നതിൽ ഗൂഢാചോന സംശയമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.
നാല് മാസം മുമ്പ് കൂട്ടുകാരൻ രജിത്ത് ഷാജ് കിരണിനെതിരെ പരാതി നൽകിയിരുന്നു. ഇത് തനിക്ക് അനുകുലമായി മാറിയെന്നും ഇല്ലെങ്കിൽ ഒരുപാട് പേർ സംശയിക്കുമായിരുന്നു പാർട്ടിക്കുള്ളിൽ ഇങ്ങനെയുള്ള ഒരു ചർച്ച നടന്നതായി പോലും അറിഞ്ഞിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..