പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ജിഷ്ണു പറഞ്ഞു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

കഴിഞ്ഞ ഒരുവര്‍ഷമായി തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയായിരുന്നില്ലെന്നും ജിഷ്ണു പറഞ്ഞു. അതേസമയം, ജിഷ്ണുവിന് മാത്രമാണ് കൊല്ലപ്പെട്ട സന്ദീപിനോട് വിരോധം ഉണ്ടായിരുന്നതെന്ന് മൂന്നാം പ്രതി നന്ദു പറഞ്ഞു. 

കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദ്യഘട്ട ചോദ്യംചെയ്യല്‍ മാത്രമാണ് സാധ്യമായതെന്നും തെളിവെടുപ്പുകള്‍, കുറ്റസമ്മത മൊഴിക്ക് അടിസ്ഥാനമായ രേഖകളുടെ കണ്ടെത്തല്‍ എന്നിവ ബാക്കിയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. 

പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ല.

content highlights: Sandeep murder case