പൂർണിമയും സന്ദീപും
നീലേശ്വരം: ലിംഗപരമായ സ്വത്വം ഉറപ്പാക്കി ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ച എ. സന്ദീപിനും പൂര്‍ണിമാ സുമേഷിനും ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാം. രജിസ്േട്രഷനുണ്ടായിരുന്ന തടസ്സം സ്പഷ്ടീകരണ ഉത്തരവിലൂടെ നീക്കി താലിച്ചരടിന്റെ ബന്ധത്തിനപ്പുറം നിയമസംവിധാനത്തിന്റെ ദൃഢതകൂടി ഉറപ്പാക്കിയിരിക്കുകയാണ് തദ്ദേശസ്വയംഭരണവകുപ്പ്.
2021 നവംബര്‍ 17-നായിരുന്നു വിവാഹം. താലികെട്ടിയ അന്നുമുതല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഒരുപാട് നടന്നെങ്കിലും തടസ്സങ്ങളായിരുന്നെന്ന് സന്ദീപും പൂര്‍ണിമയും പറയുന്നു. വിവാഹ രജിസ്ട്രേഷന്‍ അപേക്ഷയില്‍ ലിംഗത്തിന്റെ കോളത്തില്‍ ആണും പെണ്ണും മാത്രമേയുണ്ടായിരുന്നുള്ളൂ. മൂന്നാമതൊരു വിഭാഗം ഇല്ലായിരുന്നു. രണ്ടുപേരും പത്താംതരം സര്‍ട്ടിഫിക്കറ്റില്‍ പുരുഷന്മാരാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതാണ് പൂര്‍ണിമ. ആധാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തിരുത്തി. എന്നിട്ടും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിയമതടസ്സങ്ങളായിരുന്നു.
ഒരു സ്ത്രീയായി, ഭാര്യയായി, അമ്മയായി ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് വിവാഹിതയായതെന്ന് പൂര്‍ണിമ പറയുന്നു. വീട്ടുകാരുടെയും സമൂഹത്തിന്റെയും എതിര്‍പ്പുകള്‍ പരിഹരിച്ച് ഒന്നായപ്പോഴാണ് നിയമത്തിന്റെ നൂലാമാലകള്‍ പ്രതിസന്ധിയായത്. നീലേശ്വരം നഗരസഭയിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയത്. നഗരസഭയില്‍ ആദ്യത്തെ സംഭവമായതുകൊണ്ട് എന്തുവേണമെന്ന് ചോദിക്കട്ടെയെന്നായിരുന്നു മറുപടി. 'ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീങ്ങി ഞങ്ങള്‍ക്ക് ഒന്നാകാമെന്ന് ഉത്തരവ് വന്നു'- ഇത് പറയുമ്പോള്‍ പൂര്‍ണിമയ്ക്ക് ലോകം വെട്ടിപ്പിടിച്ച സന്തോഷം. നിലനില്‍പ്പിനും അതിജീവനത്തിനും സഹായിക്കുന്ന തരത്തില്‍ ട്രാന്‍സ് സമൂഹത്തിന്റെ വിവാഹ, സ്വത്തവകാശ, ദത്തവകാശ നിയമങ്ങളില്‍ ഭേദഗതികള്‍ വരണമെന്ന് പൂര്‍ണിമയും സന്ദീപും പറയുന്നു.
ഉത്തരവ് കിട്ടി
പൂര്‍ണിമയുടെയും സന്ദീപിന്റെയും വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച് ചില നിയമതടസ്സങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ വകുപ്പിന് കത്തയച്ചിരുന്നു. ഉത്തരവില്‍ വ്യക്തതവരുത്തി രജിസ്ട്രാറുടെ കത്ത് ലഭിച്ചു. - എ. മനോജ്, നഗരസഭാ സെക്രട്ടറി
Content Highlights: sandeep and poornima can now register their marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..