Screengrab | Mathrubhumi news
കോഴിക്കോട്: ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതിനു പിന്നാലെ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ്. പൊതുയോഗത്തില്‍ സമസ്തയിലെ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. സമസ്ത മുശാവറ അംഗങ്ങളായ ബഹാവുദ്ദീന്‍ നദ്വിയും ഉമര്‍ ഫൈസി മുക്കവുമാണ് രാഷ്ട്രീയ വിഷയങ്ങളെച്ചൊല്ലി ഒരേ വേദിയില്‍ പരസ്പരം ഏറ്റുമുട്ടിയത്. കോഴിക്കോട് ഫറോക്കില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സമസ്ത അടുത്ത കാലത്തായി സ്വീകരിക്കുന്ന സി.പി.എം. ആഭിമുഖ്യത്തിനെതിരെ മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി കൂരിയാട് രംഗത്തെത്തി. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെതിരെ ബഹാവുദ്ദീന്‍ നദ്വി വേദിയില്‍വെച്ച് തുറന്നടിച്ചു. വഖഫ് വിഷയത്തില്‍ കൈക്കൊണ്ട നിലപാട് സമസ്തയുടെ പാരമ്പര്യത്തിന് വിരുദ്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ പൂര്‍വികരായ പണ്ഡിതന്മാരില്‍ ആരും ഈ പണി ചെയ്തിട്ടില്ലെന്നും ജിഫ്രി തങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് നദ്വി തുറന്നടിച്ചു. സമുദായത്തിന്റെ ഒന്നാമത്തെ ശത്രു കമ്യൂണിസമാണെന്നും നദ്വി പറഞ്ഞു.
എന്നാല്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി അതേ വേദിയില്‍വെച്ചുതന്നെ ഇതിനു മറുപടി നല്‍കി. സര്‍ക്കാരുമായി ചില കാര്യങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നതിനെ ഇടത് ആഭിമുഖ്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ഉമര്‍ ഫൈസി പറഞ്ഞത്. സമസ്തയുടെ ഒന്നാമത്തെ ശത്രു കമ്യൂണിസമല്ല, വഹാബിസവും മൗദൂദിസവുമാണെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. സമുദായ താത്പര്യം സംരക്ഷിക്കാന്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് മാറ്റേണ്ടിവന്നത് സമസ്തയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. അതേസമയം മുസ്ലിംലീഗിനെയും ഉമര്‍ ഫൈസി പരിഹസിച്ചു. സമസ്തയെ വിമര്‍ശിക്കുന്നവര്‍ തന്നെ നാളെ കമ്യൂണിസവുമായി കൂട്ടുകൂടാന്‍ പോയേക്കാം. അപ്പോള്‍ നമ്മള്‍ എങ്ങോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു.
ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയത് ഉള്‍പ്പെടെ വിശദീകരിക്കാനായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച പരിപാടിയിലാണ് നേതാക്കള്‍ തമ്മില്‍ ചേരി തിരിഞ്ഞത്. 'കാലിക വിഷയങ്ങളില്‍ നിലപാട് പറയുന്നു' എന്ന പേരിലായിരുന്നു എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിലുള്ള സമ്മേളനം. ഹക്കീം ഫൈസിയെ സമസ്തയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ഇ.കെ. വിഭാഗത്തിനകത്തുനിന്നുതന്നെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. സമസ്ത പുറത്താക്കിയെങ്കിലും തനിക്ക് സമസ്തയുമായുള്ള ബന്ധം കൈവിടാനാവില്ലെന്നും സമസ്തയെന്നത് താന്‍ സൈദ്ധാന്തികമായി സ്വീകരിച്ച പാര്‍ട്ടിയാണെന്നും നേരത്തെ ഹക്കീം ഫൈസി വിശദീകരിച്ചിരുന്നു.
അതേസമയം സമസ്തയിലെ പുറത്താക്കല്‍ വിഷയത്തില്‍ പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് സമസ്ത എ.പി. വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ്. നിലപാട് പറഞ്ഞത് വലിയ തോതിലുള്ള പ്രശംസയ്ക്ക് കാരണമായി. ജിഫ്രി തങ്ങള്‍ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടരുതെന്നും രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമല്ലെന്നും എസ്.എസ്.എഫ്. നിലപാടറിയിച്ചിരുന്നു. സംഘടനാ ഐക്യവും സക്രിയമായ പ്രവര്‍ത്തനങ്ങളും ആഗ്രഹിച്ചുകൊണ്ടുള്ള നിലപാടുകളും നിയന്ത്രണങ്ങളുമാണ് പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടതെന്നും എസ്.എസ്.എഫ്. പറഞ്ഞു.
Content Highlights: samastha leaders quarreled in the name of politics in skssf meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..