അബ്ദുൽ മുഹ്സിൻ ഐദീദ്, പേരോട് അബ്ദുറഹ്മാൻ സഖാഫി | Photo: Mathrubhumi News (Screen Grab), Mathrubhumi
കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ഫുട്ബോള്‍ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതല്‍ മതനേതാക്കള്‍ രംഗത്ത്. ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ.പി. വിഭാഗം രംഗത്തെത്തി. ഇതിനെ എതിര്‍ക്കാന്‍ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്മാന് സഖാഫി ആവശ്യപ്പെട്ടു. അതിനിടെ, ഫുട്ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് ഐദീദ് പറഞ്ഞു.
ഫുട്ബോളിന്റേയും ക്രിക്കറ്റിന്റേയും പേരില്‍ യുവാക്കള്‍ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്നായിരുന്നു മുഹ്സിന് ഐദീദിന്റെ പരാമര്‍ശം. അതിനെക്കുറിച്ച് പറഞ്ഞാല്‍ പിന്തിരിപ്പനായ കാര്യം പറയുന്നത് പോലെയാണ് ആളുകള്‍ മനസ്സിലാക്കുന്നത്. യുവാക്കള്‍ പറയുന്നതിലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വാക്കുകളിലും താരങ്ങളെ കണ്‍കണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നുവെന്നും മുഹ്സിന് ഐദീദ് പറഞ്ഞു.
'ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. എങ്ങോട്ടാണ് ആളുകളെ നിങ്ങള്‍ ഇവരെ പുകഴ്ത്തി?. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അര്‍ഥവുമില്ലാത്ത കാര്യങ്ങള്‍, അതിന്റെ പിന്നില്‍ ജനങ്ങളെ തളച്ചിടുന്ന ആളുകള്‍, അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയാണ്. വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയുമാണ്.'- അബ്ദുല്‍ മുഹ്സിന് ഐദീദ് കുറ്റപ്പെടുത്തി.
Content Highlights: samastha football world cup controversy salafi leader abdul muhsin aideed perod abdurrahman sakhafi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..