Screengrab | Mathrubhumi news
കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനം മതേതരവിരുദ്ധകക്ഷികളുടെ ചട്ടുകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്ന സമ്മേളനമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കടപ്പുറത്ത് സംഘടിപ്പിക്കുന്ന സമസ്ത ആദർശസമ്മേളനത്തെക്കുറിച്ച് അറിയിക്കാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു വിമർശനം.
‘രാജ്യത്തെ ജനാധിപത്യ മതേതരവിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാസിസ്റ്റ് ഭരണകൂടഭീകരതയ്ക്കെതിരേ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. എന്നാൽ, അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജൻഡകൾക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്’ -ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുജാഹിദ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതിനെ പരാമർശിച്ച് സമസ്ത നേതാക്കൾ പറഞ്ഞു.
മതത്തിന്റെപേരിൽ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും ആദർശസമ്മേളനം. പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണവും എം.ടി. അബ്ദുള്ള മുസ്ല്യാർ മുഖ്യപ്രഭാഷണവും നടത്തും.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജനറൽ കൺവീനർ എ.വി. അബ്ദുറഹിമാൻ മുസ്ല്യാർ, എം.സി. മായിൻഹാജി, കെ. മോയിൻകുട്ടി, നാസർ ഫൈസി കൂടത്തായി, കെ. ഉമർ ഫൈസി മുക്കം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ല
ആദർശത്തിന്റെപേരിലാണ് പാണക്കാട്ട് തങ്ങൾമാർ മുജാഹിദ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്നതെന്ന് സമസ്ത നേതൃത്വം വിശദീകരിച്ചു.
തങ്ങൾമാരെ സമസ്ത വിലക്കിയിട്ടില്ല. എന്നാൽ, എതിർവിഭാഗങ്ങളുടെ ആദർശസമ്മേളനങ്ങളിൽ സമസ്തപ്രസ്ഥാനക്കാർ പങ്കെടുക്കേണ്ടെന്ന് സംഘടനയ്ക്ക് നിലപാടുണ്ട്. പാണക്കാട് തങ്ങൾമാർ സമസ്തയുടെ തീരുമാനങ്ങളിൽ യോജിപ്പുള്ളവരാണ്. മുൻകാലങ്ങളിലും മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് സമസ്തനേതൃത്വം വ്യക്തമാക്കി.
മുജാഹിദ് സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെയും പേരുണ്ടായിരുന്നു. സമസ്ത വിലക്കേർപ്പെടുത്തിയത് കാരണമാണ് ഇരുവരും സമ്മേളനത്തിലെത്താത്തതെന്ന് മുജാഹിദ് നേതൃത്വം ആരോപിച്ചിരുന്നു.
Content Highlights: samastha against mujahid on participating goa governor sreedharan pillai in state conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..