കൊച്ചി: സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി. അദ്ദേഹം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കരുതുന്നില്ലെന്നും മഅദനി പറഞ്ഞു. അതേസമയം സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും മഅദനി വ്യക്തമാക്കി. 

ബോംബ് സ്‌ഫോടനക്കേസില്‍ ബെംഗളൂരുവില്‍ വിചാരണ തടവുകാരനാണ് മഅദനി. അസുഖബാധിതയായ മാതാവിനെ കാണാന്‍ കോടതി എട്ടു ദിവസത്തെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മഅദനി നാട്ടില്‍ എത്തിയത്.

മുംബൈയില്‍ നിന്നുള്ള മുസ്ലിം മതപ്രഭാഷകനാണ് സാക്കിര്‍ നായിക്ക്. ഈ മാസമാദ്യം ധാക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു. നായിക്കിന്റെ ചാനലിന് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സാക്കിര്‍ നായിക്ക് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗും നായിക്കിന് പിന്തുണ അറിയിച്ചിരുന്നു.