-
പോത്തന്‍കോട്: ലോക്ഡൗണ്‍ പാന്പുപിടിത്തക്കാരനായ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാത്ത സമയം. കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അവന്‍ ഞായറാഴ്ച ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.
വീട്ടില്‍ക്കണ്ട മൂര്‍ഖനെ പിടിക്കാന്‍വരുമോയെന്നറിയാനാണ് സക്കീറിനെ വിളിച്ചത്. സുഹൃത്തുക്കള്‍ അവനോട് പോകരുതെന്നു പറഞ്ഞു. പോക്കറ്റിലുള്ളത് മുപ്പതുരൂപ മാത്രം. ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയി.
എട്ടുമണിയോടെ അവിടെയെത്തി. ചെന്നപാടെ പാമ്പിനെ പിടികൂടി. നിമിഷങ്ങള്‍ക്കകം പാമ്പ് കൈയില്‍ കൊത്തി. ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയിരുന്നു. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.
മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുന്നു. ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട് ജീവനക്കാരനായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.
പാമ്പുപിടിക്കാന്‍ ചെല്ലുന്നിടത്തെ വീട്ടുകാര്‍ കുറച്ചു തുകയെങ്കിലും പാരിതോഷികമായി നല്‍കും. ജീവിതച്ചെലവിന് ആ തുകകൂടി കിട്ടുമല്ലോയെന്നായിരുന്നു ആശ്വാസം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയതും.
തോന്നയ്ക്കല്‍ ശാസ്തവട്ടം റബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദ്-ഐഷാബീവി ദമ്പതിമാരുടെ എട്ടു മക്കളില്‍ ഏറ്റവും ഇളയവന്‍. കുടുംബത്തിന് ആകെയുള്ളത് രണ്ടരസെന്റ്. ഉമ്മ ഐഷാബീവി നേരത്തേ മരിച്ചു. സഹോദരങ്ങള്‍: താഹിറ, നൗഷാദ്, സുധീര്‍, സജീര്‍, ഹസന്‍, ഹുസൈന്‍, റബീന.
പാമ്പിനെ വാവ സുരേഷ് കൊണ്ടുപോയി
സക്കീറിനെ കടിച്ച മൂര്‍ഖനെ വാവ സുരേഷ് എത്തി കൊണ്ടുപോയി. നേരത്തേ പിടികൂടിയ മറ്റൊരു മൂര്‍ഖനുമായാണ് സക്കീര്‍ നാവായിക്കുളത്തെ വീട്ടിലെത്തിയത്. സക്കീറിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ രണ്ടു പാമ്പുകളെയും വീടിനുസമീപം സൂക്ഷിച്ചു. രാത്രി 9.30-ഓടെ വാവ സുരേഷ് സ്ഥലത്തെത്തി രണ്ടിനെയും കൊണ്ടുപോയി.
Content Highlights: sakeer hussain death-snake bite
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..