പാലക്കാട്: 10 വര്‍ഷത്തിനു ശേഷം മകളെ കണ്‍നിറയെ കണ്ട് ശാന്തയും വേലായുധനും. പാലക്കാട് 10 വര്‍ഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കള്‍ വാടകവീട്ടിലെത്തി. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയില്‍ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്‌മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Read More: ഒളിച്ചിരിക്കാന്‍ പ്രത്യേക പെട്ടി; കാമുകിയെ 10 വര്‍ഷം ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്, പറഞ്ഞതെല്ലാം വിശ്വസിക്കാം

അയിലൂര്‍ സ്വദേശിയായ റഹ്‌മാന്‍, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്‌മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് 10 വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നും 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്‌മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.

Read More: ഓടാമ്പല്‍ ലോക്കിന് സ്വന്തം സാങ്കേതികവിദ്യ, മന്ത്രവാദം ഭയന്ന് വീടുവിട്ടു; 10 വര്‍ഷം പ്രണയിനിയെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

റഹ്‌മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്‌മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്‌മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്‌മാന്‍. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാന്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. 

അതേസമയം, 10 കൊല്ലത്തെ ഒറ്റമുറി ജീവിതത്തില്‍നിന്നു സ്വയം പറിച്ചുനട്ട റഹ്‌മാനും സജിതയ്ക്കും സഹായഹസ്തവുമായി പോലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.

പോലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മനഃശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. പോലീസുകാരുടെയും നാട്ടുകാരുടെയും തണലില്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടര്‍ന്നു. രമ്യ ഹരിദാസ് എം.പി. ഉള്‍പ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായി എത്തുകയും ചെയ്തിരുന്നു.

content highlights: sajitha who was hidden by lover for 10 years meets parents