പാലക്കാട്: സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും ഭര്‍ത്താവ് റഹ്‌മാന്‍. തനിക്ക് മതം മാറ്റാന്‍ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്.  മതം നോക്കിയിട്ടല്ല തങ്ങള്‍ സ്‌നേഹിച്ചതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.  

റഹ്‌മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്.

ഒറ്റമുറിക്കുള്ളില്‍ ആ വീട്ടിലെ മറ്റുള്ളവര്‍ പോലും അറിയാതെ ഒരു യുവതി പത്തുവര്‍ഷത്തോളം ജീവിച്ചു എന്നത് അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. റഹ്‌മാന്റെ വീട്ടുകാരെ ഭയന്നാണ് ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.  പ്രണയകഥ പുറത്തുവന്നതോടെ റഹ്‌മാന്‍ സജിതയെ മതം മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളും ശക്തമായിരുന്നു.