കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തിലിന്റെ വികാരനിര്‍ഭരമായ കുറിപ്പ്. റിമാന്‍ഡ് ചെയ്യപ്പെട്ട് വിയ്യൂര്‍ ജയിലിലേയ്ക്ക് അയയ്ക്കുന്ന അലനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ളതാണ് സജിത ഫേയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്.
അലന്‍ വാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പില്‍ അമ്മയ്ക്കും വല്യമ്മയ്ക്കും ഉറക്കം വരുന്നില്ലെന്ന് സജിത പറയുന്നു. നീ ഇനി ചുവന്ന മുണ്ടുകള്‍ ഉടുക്കേണ്ടെന്നും പുസ്തകങ്ങള്‍ വായിക്കേണ്ടെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ടെന്നും അവര്‍ കുറിക്കുന്നു. നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി നിയമത്തിന്റെ കുരുക്കഴിച്ച് എത്രനാള്‍ നീക്കുമെന്നും സജിത മഠത്തില്‍ ആശങ്കപ്പെടുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
അലന്‍ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.
നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ... നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍?
പെട്ടെന്ന് തിരിച്ച് വായോ!
നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങള്‍!
Content Highlights: sajitha madathil facebook post on alan shuhaib's arrest, palakkad maoist encounter