പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന അവയ്ലബിള് സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായെങ്കിലും അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ സമ്പൂര്‍ണ്ണ സെക്രട്ടേറിയറ്റ് യോഗത്തില്‍ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എതിരാളികള്‍ക്ക് ആയുധം നല്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് തന്റെ വിമര്‍ശനം ലക്ഷ്യം വെച്ചിരുന്നതെന്ന് സജി ചെറിയാന് നേതാക്കളോട് ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത സി.പി.എം. അവയ്ലബിള് സെക്രട്ടേറിയറ്റിലേക്ക് പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു. രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സജി ചെറിയാന് ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളില്‍ സി.പി.എം. കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കട്ടെ എന്നാണ് അവരുടെ നിലപാട്. കോടതികളില്‍ നിന്ന് തീരുമാനങ്ങള്‍ വരുന്നത് സജി ചെറിയാന് മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന് സി.പി.ഐ. അടക്കമുള്ള എല്‍.ഡി.എഫ്. ഘടകകക്ഷികളും തീരുമാനമെടുത്തതായാണ് വിവരം.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും മന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ത്തുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന് നടത്തിയത്.
ഉദ്ദേശ്യം നല്ലതാണെന്നും നാക്കുപിഴയാണ് മന്ത്രിക്കു സംഭവിച്ചതെന്നും വിശദീകരിച്ച് കഴിഞ്ഞ ദിവസം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സജി ചെറിയാനെ ന്യായീകരിച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചിരുന്നു.
സജി ചെറിയാനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..