സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതിനൽകിയ വാർത്ത അറിഞ്ഞശേഷം ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസിൽനിന്ന് പുറത്തേക്കുവരുന്ന സജി ചെറിയാൻ എം.എൽ.എ.
ആലപ്പുഴ: മധ്യതിരുവിതാംകൂറിലെ സി.പി.എമ്മിന്റെ മുഖം. പുന്നപ്ര-വയലാര്‍ വിപ്ലവമണ്ണായ ആലപ്പുഴയില്‍ പുതിയകാലത്ത് പാര്‍ട്ടിയെ മുന്നില്‍നിന്നു നയിക്കേണ്ടയാള്‍. സര്‍വോപരി പിണറായിയുടെ വിശ്വസ്തന്. വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്ന സജി ചെറിയാന്റെ പാര്‍ട്ടിയിലെ പ്രധാന്യം ഇവയൊക്കെയാണ്.
സ്ഥാനമൊഴിഞ്ഞപ്പോഴും അത് നികത്താതിരുന്നതിനാല്‍ സജി ചെറിയാന് മന്ത്രിസഭയിലേക്ക് എപ്പോള്‍ തിരിച്ചുവരും എന്ന ചോദ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുവര്‍ഷം മാത്രം അകലെനില്‍ക്കെ, ഇനിയും വൈകേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. തീയതി നിശ്ചയിച്ചിട്ടും നിലനിന്ന അനിശ്ചിതത്വം പാര്‍ട്ടിയിലും കുറച്ച് ആശങ്കയുണ്ടാക്കിയിരുന്നു.
മുന്‍മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും ജില്ലയിലെ പാര്‍ട്ടിയില്‍നിന്ന് പിന്‍നിരയിലേക്കു മാറിയതോടെ സജി ചെറിയാനാണ് ശക്തികേന്ദ്രം. ജില്ലയില്‍ സി.പി.എമ്മിന് ഏഴ് എം.എല്‍.എ.മാരുണ്ട്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും വിജയിച്ചു. സംസ്ഥാനത്ത് സി.പി.എമ്മിന് ഏക എം.പി.യുള്ളതും ആലപ്പുഴയിലാണ്. ഈ സാഹചര്യത്തിലും സി.പി.എമ്മിന് മന്ത്രിസ്ഥാനമില്ലാത്തത് ജില്ലാഘടകം പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.
തുടക്കത്തില്‍ വി.എസ്.പക്ഷക്കാരനായാണ് സജി ചെറിയാന് അറിയപ്പെട്ടിരുന്നത്. ഗ്രൂപ്പുയോഗം ചേര്‍ന്നുവെന്നാരോപിച്ച് മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. 2004-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷമാണ് പിണറായി പക്ഷത്തെത്തിയത്.
2011-12 കാലത്ത് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമായിരിക്കെ നടത്തിയ ഇടപെടലാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തിനു വഴിത്തിരിവായത്. പാര്‍ട്ടി സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരേ വി.എസ്.പക്ഷക്കാര്‍ മത്സരിച്ചുജയിച്ചു. സി.കെ. ഭാസ്കരനായിരുന്നു ഏരിയാ സെക്രട്ടറി. സമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്നാരോപിച്ച് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന സജി ചെറിയാന്റെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. പ്രശ്നപരിഹാരത്തിന് ജില്ലാ കമ്മിറ്റി വിളിച്ച യോഗത്തില്‍നിന്ന് വി.എസ്.പക്ഷക്കാര്‍ പ്രകടനമായി പുറത്തേക്കുപോകുകയും ചെയ്തു.
എന്നാല്‍, ചുമതലയേറ്റെടുത്ത സജി ചെറിയാന് എതിര്‍പക്ഷത്തുള്ളവരെയും ചേര്‍ത്തുപിടിക്കാനാണ് ശ്രമിച്ചത്. ടി.കെ. പളനിയൊഴികെ മുഴുവന്‍ പേരെയും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പളനി സി.പി.ഐ.യിലേക്കുപോയി.
കഞ്ഞിക്കുഴി മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടാനും സജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞു. ചാരുംമൂട്ടില്നടന്ന തൊട്ടടുത്ത ജില്ലാ സമ്മേളനത്തില്‍ സജി ചെറിയാന് ജില്ലാ സെക്രട്ടറിയായി.
മൂന്നു മുന്നണികള്‍ക്കും ശക്തിയുള്ള ചെങ്ങന്നൂരില്‍ 2018-ലെ ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021-ല്‍ പോള്‍ ചെയ്തതിന്റെ 48.58 ശതമാനം വോട്ടുനേടി 32,093 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.
സത്യപ്രതിജ്ഞ ബുധനാഴ്ച നാലിന് രാജ്ഭവനില്‍
തിരുവനന്തപുരം: നാലുദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്കി. ബുധനാഴ്ച നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാന് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.
ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനില്ക്കുമ്പോള് സജി ചെറിയാന് മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചത്.
രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനുപുറമെ, ഭരണഘടനാവിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണറുടെ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെപേരില് രാജിവെച്ചയാള്‍ ആ കേസ് നിലനില്ക്കുമ്പോള് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് അസാധാരണ സാഹചര്യമാണെന്നായിരുന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞത്.
ഈ നിലപാടില്‍നിന്ന് അദ്ദേഹം മാറി. സജി ചെറിയാന് മന്ത്രിയാകുന്നതിന്റെ ധാര്‍മികവും നിയമപരവുമായ ബാധ്യത ഗവര്‍ണര്‍ക്കില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശം.
സത്യപ്രതിജ്ഞയെ ഗവര്‍ണര്‍ എതിര്‍ത്താല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ കൂടിയാലോചനയിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ട് എല്ലാ മന്ത്രിമാരോടും സെക്രട്ടേറിയറ്റിലേക്കെത്താന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ യോഗം നടക്കുന്നതിനുമുമ്പായി രാജ്ഭവനില്‍നിന്ന് അറിയിപ്പ് ലഭിച്ചു.
കഴിഞ്ഞവര്‍ഷം ജുലായ് ആറിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലാണ് സജി ചെറിയാന് രാജിവെച്ചത്.
കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന് നിയമസഭാംഗമാകുന്നത്. 2021-ല്‍ വീണ്ടും ജയിച്ച് മന്ത്രിസഭയിലെത്തി.
Content Highlights: Saji Cheriyan swearing in ceremony Pinarayi Vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..