പ്രകാശ് ജാവഡേക്കർ |ഫോട്ടോ:PTI
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്തുപോകേണ്ടിവന്ന മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനംചെയ്യവേ അദ്ദേഹം പറഞ്ഞു.
സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദിക്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ പിണറായി പോലീസ് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയാണ്. പൊലീസിന് എങ്ങനെയാണ് സജി ചെറിയാന് കുറ്റം ചെയ്തില്ലെന്ന് പറയാന്‍ സാധിക്കുന്നത്? ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുകതന്നെ ചെയ്യും.
ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നീ അഞ്ചിന അജണ്ടയാണ് കേരള സര്‍ക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നാടിനെ നശിപ്പിക്കുകയാണ്. തീവ്രവാദശക്തികളെയും വിധ്വംസകശക്തികളെയും സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുക്കില്ലെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
നിരവധി ജനക്ഷേമ പദ്ധതികളും ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടുമാണ് മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. കേന്ദ്രസര്‍ക്കാര്‍ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്തു. 28 മാസമായി 148 കിലോ അരിയാണ് കേരളത്തിലെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 1.52 കോടി ജനങ്ങള്‍ക്കാണ് മോദിയുടെ സൗജന്യ അരി ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ നല്കുന്നു. മുദ്ര വായ്പ്പയിലൂടെ ജനങ്ങളെ സംരഭകരാക്കി മാറ്റാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. കര്‍ഷകര്‍ക്ക് രാസവളത്തിനുള്ള സബ്സിഡിയും അമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും മോദി നല്കുന്നു. 53 ലക്ഷം മലയാളികളാണ് ജന്‍ധന്‍ അക്കൗണ്ട് ആരംഭിച്ചത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അഴിമതി മാത്രമാണ് നടത്തുന്നത്. പ്രതിപക്ഷവും ഒട്ടും മോശമല്ല. അഴിമതിയുടെ കാര്യത്തില്‍ രണ്ട് കൂട്ടരും മത്സരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പേരില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും പ്രകാശ് ജാവഡേക്കര്‍ ഓര്‍മ്മിപ്പിച്ചു.
പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സജിചെറിയാനെ മന്ത്രിസഭയിലെടുക്കുന്നതോടെ ഇന്ത്യന്‍ ഭരണഘടനയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയന് പരസ്യമായി പ്രഖാപിക്കുകയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രകോപനകരമായ നീക്കമാണെന്നും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങില്‍ അധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
നിയമവാഴ്ചയെ പൂര്‍ണമായും അനാദരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സാമ്രാജ്യത്വശക്തികളോടൊപ്പം ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പറഞ്ഞ പാര്‍ട്ടിയായ സിപിഎമ്മില്‍ നിന്നും മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
Content Highlights: saji cheriyan sure to have to resign again-bjp-prakash javadekar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..