സജി ചെറിയാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദപരാമര്‍ശങ്ങള്‍ നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും തിരിച്ചടിക്കുന്നതാണെന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് അദ്ദേഹത്തിന്റെ രാജി ഉടനുണ്ടായത്.
ബുധനാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം. അവെയ്ലബിള് സെക്രട്ടേറിയറ്റ് രാജി തീരുമാനിച്ചിരുന്നില്ല. നിയമ-ഭരണപരമായ കാര്യങ്ങളടക്കം പരിശോധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഈഘട്ടത്തില്ത്തന്നെ രാജിയാകാമെന്ന ധാരണ പി.ബി. അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത് സാവകാശം മുഖ്യമന്ത്രി നടപ്പാക്കുകയാണു ചെയ്തത്.
സജി ചെറിയാന്റേത് ന്യായീകരിക്കാന്‍ കഴിയാത്ത പിഴവാണെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തിയത്. ഇക്കാര്യം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രിയെയും സീതാറാം യെച്ചൂരി അറിയിച്ചിരുന്നു.
ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്.എസ്.എസിനെതിരേ സി.പി.എം. പ്രധാന ആക്ഷേപമായി ഉയര്‍ത്തുന്ന ഘട്ടത്തില്‍ മന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയമായ തിരിച്ചടിയാണെന്ന നിലപാട് ഇതില്‍ പി.ബി. അംഗങ്ങള്‍ പങ്കുവെച്ചു. രാജി വേണ്ടെന്ന നിലപാട് കോടിയേരിയോ പിണറായിയോ സ്വീകരിച്ചതുമില്ല.
മന്ത്രി എന്നനിലയില്‍ പുലര്‍ത്തേണ്ട ജാഗ്രതയും പ്രസംഗത്തില്‍ പാലിക്കേണ്ട മിതത്വവും സജി ചെറിയാന് ഉണ്ടായില്ലെന്ന വികാരമാണ് സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളും പ്രകടിപ്പിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്ക്കൂടിയാകണം രാഷ്ട്രീയതീരുമാനമെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. ഇതോടെയാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്.
അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) അഭിപ്രായം, രാജ്ഭവനില്‍നിന്നുള്ള കുറിപ്പുകള്‍ എന്നിവയെല്ലാം പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചത്. നിയമപരമായി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് എ.ജി. അറിയിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരേ കോടതിയില്‍ ഹര്‍ജിയും പോലീസിനു പരാതിയും ഗവര്‍ണര്‍ക്ക് നിവേദനവും വന്നതാണ്. അതിനാല്‍, എല്ലാതലത്തിലും നിയമപരിശോധനയ്ക്കുവിധേയമാകാന് ഇടയുള്ള സംഭവമാണിത്. കോടതിയില്‍നിന്ന് പ്രതികൂലപരാമര്ശമുണ്ടായി രാജിവെക്കേണ്ടിവന്നാല്‍ അത് സര്‍ക്കാരിനും മുന്നണിക്കും കൂടുതല്‍ ദോഷമാകുമെന്ന് വിലയിരുത്തിയാണ് വൈകാതെ രാജിയെന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയെത്തിയത്.
രാജ്ഭവനില്‍ ലഭിച്ച നിവേദനങ്ങള്‍ ഗവര്‍ണറുടെ കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇതിലുള്ള സര്‍ക്കാര്‍നിലപാട് ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്. അതിനാലാണ്, രാജിവൈകുന്നത് പ്രശ്നങ്ങള്‍ വഷളാക്കാനിടയാക്കുമെന്ന വിലയിരുത്തലുണ്ടായത്. കോടിയേരി ബാലകൃഷ്ണനുമായും കേന്ദ്രനേതാക്കളുമായും ചര്‍ച്ചനടത്തിയശേഷമാണ് രാജിതീരുമാനം സജി ചെറിയാനെ മുഖ്യമന്ത്രി അറിയിച്ചത്.
ഇക്കാര്യം മന്ത്രിക്കുതന്നെ പ്രഖ്യാപിക്കാന്‍ അവസരമൊരുക്കണമെന്നാണ് നേതാക്കള്‍ക്കിടയിലുണ്ടായ ധാരണ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..