സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച മന്ത്രി സജി ചെറിയാന് ഒടുവില്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി. വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തിയാണ് സജി ചെറിയാന് രാജി പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.
താന്‍ എട്ടാംക്ലാസ് മുതല്‍ ഭരണഘടനയെ മാനിക്കുന്നുണ്ടെന്നും ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. അതില്‍ ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ അതിയായ ദുഖമുണ്ടെന്നും സജി ചെറിയാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജി സ്വതന്ത്രമായ തീരുമാനമാണ്, ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണെന്നും സജി ചെറിയാന് പറഞ്ഞു.
''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും''-ഈ പരാമര്‍ശങ്ങളാണ് സജി ചെറിയാനെ വെട്ടിലാക്കിയത്.
ഉദ്ദേശ്യം നല്ലതാണെന്നും നാക്കുപിഴയാണ് മന്ത്രിക്കു സംഭവിച്ചതെന്നും വിശദീകരിച്ച് കഴിഞ്ഞ ദിവസം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സജി ചെറിയാനെ ന്യായീകരിച്ചിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇന്ന് എ.ജി.യോടടക്കം നിയമോപദേശം തേടിയപ്പോള്‍ മന്ത്രി തുടരുന്നത് അനുചിതമാണെന്ന നിലയിലാണ് പ്രതികരണം ലഭിച്ചത്.
സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചിരുന്നു.
സജി ചെറിയാനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..