സജി ചെറിയാനും മുഖ്യമന്ത്രി പിണറായി വിജയനും| Photo: Mathrubhumi
തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ സജി ചെറിയാന് മുന്നില്‍ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. നിയമപരമായി അനിവാര്യമായ രാജി ഒന്നര ദിവസത്തിനുള്ളില്‍ തന്നെ സംഭവിച്ചു. ബുധനാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യത്തോട് താന്‍ എന്തിന് രാജിവയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സാഹചര്യം മാറിമറിഞ്ഞു.
സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കേന്ദ്ര നേതൃത്വവും കൈയൊഴിഞ്ഞതോടെ മന്ത്രി ഒറ്റപ്പെട്ടു. വിവാദത്തില്‍ മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം കൂടി തേടിയതോടെ സജി ചെറിയാന് മുന്നിലുള്ള അവസാന വഴിയും അടഞ്ഞു. നിയമോപദേശം തേടിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന ധാര്‍മികവശം ചൂണ്ടിക്കാണിച്ച് രാജിവയ്ക്കുകയാണെന്നാണ് സജി ചെറിയാന്‍ ബുധനാഴ്ച വൈകീട്ട് നടത്തിയ രാജി പ്രഖ്യാപനത്തില്‍ അറിയിച്ചത്.
എന്നാല്‍, ഈ ധാര്‍മികത മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ മാത്രം മതിയോ എന്നതാണ് ഇനിയുള്ള ചോദ്യം. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നതും ശരിയല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോട് സത്യസന്ധമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എയായ ആള്‍ അതേ ഭരണഘടനയെ തന്നെയാണ് അവഹേളിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ സ്ഥാപനങ്ങള്‍ വഴി, പ്രക്രിയകള്‍ വഴി എംഎല്‍എ ആയ ഒരുജനപ്രതിനിധിക്ക് ആ സ്ഥനത്തിരുന്നുകൊണ്ട് ഭരണഘടനയെ തള്ളിപ്പറയാന്‍ ധാര്‍മികാവകാശമില്ലെന്ന് പ്രതിപക്ഷം പറയുന്നു. സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു.
എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് സജി ചെറിയാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎമ്മിനെതിരേ വീണുകിട്ടിയ അവസരമായതിനാല്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനംകൂടി രാജിവയ്ക്കുന്നതുവരെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നേക്കും. മന്ത്രി സ്ഥാനത്തിനൊപ്പം സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം വരുംമണിക്കൂറുകളില്‍ ശക്തമാകുമെന്ന് ഉറപ്പാണ്.
പുതിയ മന്ത്രി വരുമോ?
രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവയ്ക്കുന്ന ആദ്യമന്ത്രിയാണ് സജി ചെറിയാന്‍. അദ്ദേഹം വഹിച്ചിരുന്ന സാംസ്‌കാരിക, ഫിഷറീസ് വകുപ്പിലേക്ക് പുതിയ മന്ത്രി വരുമോ എന്നതാണ് ഇനി അറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ പുതിയൊരാള്‍ മന്ത്രിസഭയിലേക്ക് വരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. സജി ചെറിയാന്‍ രാജിവച്ചതോടെ സ്വാഭാവികമായും അദ്ദേഹത്തിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിയിലേക്ക് വന്നുചേര്‍ന്നു. ഈ വകുപ്പുകള്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇനിയൊരു പുതിയ മന്ത്രി രണ്ടാം പിണറായി സര്‍ക്കാരിലേക്ക് വരുകയുള്ളുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ആലപ്പുഴയില്‍ നിന്നുതന്നെയുള്ള മറ്റൊരു എംഎല്‍എയെ മന്ത്രിയാകണമെന്ന നിര്‍ദേശം പാര്‍ട്ടി മുന്നോട്ടുവയ്ക്കാനാണ് സാധ്യത. സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്യാനാകുന്ന ഒരു നേതാവിനെ തന്നെ കണ്ടെത്തുകയും വേണം. വിവിധ ഘടകങ്ങള്‍ കണക്കിലെടുത്ത് മാത്രമേ സിപിഎം ഒരു മന്ത്രിയെ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
സജി ചെറിയാന്‍ തിരിച്ചെത്തുമോ?
ഭരണഘടനയ്‌ക്കെതിരേയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമായ സാഹചര്യത്തിലാണ് സജി ചെറിയാന്‍ രാജിവച്ച് ഒഴിഞ്ഞത്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സിപിഐ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേഭയം സിപിഎമ്മിനും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളൊന്നും സജി ചെറിയാനെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കാതിരുന്നതും.
എന്നാല്‍ കോടതിയില്‍ നിന്ന് സജി ചെറിയാന് അനൂകൂലമായ ഒരു വിധിയുണ്ടായാല്‍ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നതും വലിയൊരു ചോദ്യമാണ്. കോടതിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു നിയമപരമായ പരിരക്ഷ കിട്ടിയാല്‍ സജി ചെറിയാന്‍ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ രാജിവച്ച മന്ത്രിമാര്‍ തിരിച്ചെത്തിയ സാഹചര്യവുമുണ്ട്.
മൗനം തുടര്‍ന്ന് മുഖ്യമന്ത്രി
സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. ഒരുമന്ത്രിയുടെ രാജിയിലേക്കുവരെ കാര്യങ്ങള്‍ നീങ്ങിയിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതെന്താണെന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മന്ത്രി രാജിവച്ചിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോ പാര്‍ട്ടിയോ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത്. ഇതിനര്‍ഥം സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തെ പാര്‍ട്ടി അംഗീകരിക്കുന്നുവെന്നാണ്. മന്ത്രിയുടെ രാജി സ്വാഗതാര്‍ഹമാണെങ്കിലും വിവാദ പരാമര്‍ശത്തെ സജി ചെറിയാന്‍ തള്ളിപ്പറയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ജയരാജനും ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനം പോയി. ബന്ധുനിയമനവിവാദത്തിലെ ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് കെ.ടി. ജലീലും രാജിവെച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യരാജിയാണ് സജി ചെറിയാന്റേത്.
Content Highlights: saji cheriyan remark controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..