സജി ചെറിയാൻ | Photo: Mathrubhumi News/ Screengrab
ആലപ്പുഴ: ധാര്‍മ്മികതയുടെ പേരിലാണ് മന്ത്രി സ്ഥാനത്തുനിന്നും താന്‍ രാജിവെച്ചതെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്. താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ തന്റെ പേരില്‍ കേസില്ല. അത് പഠിച്ചും മനസ്സിലാക്കിയുമാണ് പാര്‍ട്ടി തന്നെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതെന്നും സജി ചെറിയാന് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
'എം.എല്‍.എ. സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് എടുത്ത തീരുമാനം നിങ്ങളുടെ മുന്നിലില്ലേ. എന്ത് ഭരണഘടനാവിരുദ്ധമായ പ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എം.എല്‍.എയായി ഇരിക്കുന്നയാള്‍ക്ക് മന്ത്രിയാവാന്‍ എന്താണ് അയോഗ്യത. ഞാന്‍ നിയമവിരുദ്ധമായി പറഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും താത്പര്യം സംരക്ഷിക്കാന്‍ ഞാന്‍ രാജിവെച്ചു. അതാണ് എന്റെ മാന്യത. ആ മാന്യതയെപ്പറ്റി ആരും പറഞ്ഞില്ലല്ലോ. കഴിഞ്ഞ മൂന്ന് നാലുദിവസമായി എന്നെ അടിമുടി വിമര്ശിക്കുകയല്ലേ. വേട്ടയാടുകയല്ലേ. ഞാന്‍ എടുത്ത പോസിറ്റീവായ കാര്യത്തെപ്പറ്റി പറഞ്ഞില്ലല്ലോ. ഞാന്‍ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ.'- സജി ചെറിയാന് പറഞ്ഞു.
തന്റെ പേരില്‍ ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസില്ല. അത് പഠിച്ചും മനസ്സിലാക്കിയുമാണല്ലോ പാര്‍ട്ടി തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയ്ത സഹായങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വീണ്ടും കാണാമെന്നും പറഞ്ഞായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. പോസിറ്റീവായി ചിന്തിക്കൂവെന്നേ തനിക്ക് ഇപ്പോഴും പറയാനുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: saji cheriyan reaction after governor gives nods oath taking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..