കോണ്‍ഗ്രസ് കുടുംബത്തിലെ എസ്എഫ്‌ഐക്കാരന്‍, ചെങ്ങന്നൂര്‍ പിടിച്ചെടുത്ത സജി ചെറിയാന്റേത് സഡന്‍ ബ്രേക്ക്


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ അണികൾക്കൊപ്പം (ഫയൽചിത്രം)

ആലപ്പുഴ: വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ രംഗപ്രവേശം, പടിപടിയായി നേതൃപദവിയിലേക്കും മന്ത്രിസ്ഥാനത്തേക്കും. പ്രതിസന്ധികളില്‍ അടിപതറാത്ത മനോഭാവം. എതിരാളിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച സജി ചെറിയാന് അടിതെറ്റിയതു ഭരണഘടനയില്‍ തൊട്ടുള്ള കളിയില്‍.യു.ഡി.എഫിന്റെ കുത്തകമണ്ഡലമെന്നുറപ്പിച്ചിരുന്ന ചെങ്ങന്നൂരില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വിജയക്കൊടി നാട്ടിയാണ് സജി ചെറിയാന്‍ എല്‍.ഡി.എഫ്. മന്ത്രിസഭയിലംഗമായത്.

കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1978-ല്‍, എട്ടാംക്‌ളാസില്‍ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐ.യില്‍ ചേര്‍ന്നത്. 1979-ല്‍ വെണ്മണി മാര്‍ത്തോമാ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായി നേതൃപദവിയിലെത്തി. കെ.എസ്.യു.വിന്റെ കുത്തകയായിരുന്ന ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് 1981-ല്‍ എസ്.എഫ്.ഐ.യുടെ ആദ്യ ഒന്നാംവര്‍ഷ പ്രീഡിഗ്രി പ്രതിനിധിയായി. പിന്നീട്, 25 വര്‍ഷത്തെ കെ.എസ്.യു. ഭരണമവസാനിപ്പിച്ച് മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി.

'കരുണ'യിലൂടെ കാലുറപ്പിച്ചു; ചെങ്ങന്നൂര്‍ തിരിച്ചുപിടിച്ചു

മധ്യതിരുവിതാംകൂറില്‍ സി.പി.എമ്മിന്റെ ക്രൈസ്തവമുഖമാണ് സജി ചെറിയാന്‍. ചെങ്ങന്നൂരിലെ എല്ലാ ജാതിസമവാക്യങ്ങളും അപ്രസക്തമാക്കി റെക്കോഡ് ഭൂരിപക്ഷത്തോടെ നിയമസഭയിലേക്കു ജയിച്ചയാള്‍. ജില്ലാക്കമ്മിറ്റിയും ഏരിയ കമ്മിറ്റികളും വി.എസിനൊപ്പംനിന്ന കാലത്തും പിണറായിക്കൊപ്പം ഉറച്ചുനിന്നയാള്‍.

ചെങ്ങന്നൂര്‍പോലെ വലതുപക്ഷത്തിനു വേരോട്ടമുള്ള മണ്ഡലത്തില്‍ സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തിനു വിജയിച്ചതിനുപിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ജനകീയതയുണ്ട്. കരുണ എന്ന പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് അതിനേറെ സഹായിച്ചത്.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ പിടിക്കാന്‍ എല്‍.ഡി.എഫ്. നിയോഗിച്ചത് നാട്ടുകാരനായ സജി ചെറിയാനെയായിരുന്നു. പക്ഷേ, യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിനോട് 5,132 വോട്ടിനു തോറ്റു. ആ തോല്‍വിയില്‍നിന്നാണ് സജി, 12 വര്‍ഷത്തിനുശേഷം ഉയിര്‍ത്തെഴുന്നേറ്റത്. കര്‍ക്കശക്കാരനായ പാര്‍ട്ടിനേതാവ് എന്ന പ്രതിച്ഛായ മറികടന്നാലേ ചെങ്ങന്നൂരില്‍ പാര്‍ട്ടിക്കതീതമായി വോട്ടുനേടാനാകൂവെന്ന് അദ്ദേഹം മനസ്സിലാക്കി.

സി.പി.എം. സംസ്ഥാനവ്യാപകമായി പാലിയേറ്റീവ്, കൃഷിയടക്കമുള്ള രംഗങ്ങളിലേക്കുകടക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ആദ്യം നടപ്പാക്കിയ ജില്ലകളിലൊന്ന് ആലപ്പുഴയായിരുന്നു. അന്നത്തെ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ സജി ചെറിയാന്‍ അതിനു മുന്‍കൈയെടുത്തു.അങ്ങനെയാണ് സ്വന്തം മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് 2014-ല്‍ കരുണ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുണ്ടായത്. ഇപ്പോഴത് കേരളത്തിലെ ഏറ്റവും വലിയ പാലിയേറ്റീവ് സൊസൈറ്റികളിലൊന്നാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ അദ്ദേഹത്തിനു കഴിയും.

4,700-ഓളം രോഗികളെ ഭവനങ്ങളില്‍പ്പോയി സൗജന്യമായി ശുശ്രൂഷിക്കുന്നുണ്ട് ഈ സൊസൈറ്റി. 570 കിടപ്പുരോഗികള്‍ക്കും വീട്ടില്‍ പരിചരണം നല്‍കുന്നു. സ്വന്തമായി മെഡിക്കല്‍ സ്റ്റോറും ആംബുലന്‍സും മികച്ച ലാബും സൊസൈറ്റിക്കുണ്ട്. 1,000 പേര്‍ക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണവും തെരുവില്‍ അന്തിയുറങ്ങുന്നവരെ ഏറ്റെടുത്ത് സംരക്ഷണവും നല്‍കുന്നു ഈ പ്രസ്ഥാനം. അശരണര്‍ക്കു വീടുവെച്ചു നല്‍കുന്നുമുണ്ട്. 400-ഓളം വൊളന്റിയര്‍മാരും 60-ഓളം ജീവനക്കാരും ഇതിന്റെ ഭാഗമാണ്. കൊഴുവല്ലൂര്‍ കോമന്‍കുളങ്ങര പാടത്തിനു സമീപത്തെ വലിയ കാടായിരുന്ന മലമ്പ്രദേശം ഇന്ന് മികച്ച കൃഷിയിടമാക്കിയതും 'കരുണ'യാണ്.

കരുണ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം സജി ചെറിയാന്‍ നിര്‍വഹിക്കുന്നു (ഫയല്‍ചിത്രം)

2018-ലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജി ചെറിയാനെത്തുമ്പോള്‍ അദ്ദേഹം സ്വന്തംനിലയിലും ജനകീയ അടിത്തറയുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിലെ ഡി. വിജയകുമാറും ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയും അണിനിരന്നപ്പോള്‍ കടുത്ത മത്സരമെന്ന സ്ഥിതിവന്നു. പക്ഷേ, 20,956 വോട്ടിന്റെ ഭൂരിപക്ഷംനേടി സജി ചെറിയാന്‍ രാഷ്ട്രീയ വിശകലന വിദഗ്ധരെപ്പോലും ഞെട്ടിച്ചു. കഴിഞ്ഞവര്‍ഷം രണ്ടാമൂഴത്തിനു രംഗത്തിറങ്ങുമ്പോള്‍ ആദ്യ തവണത്തേതില്‍നിന്ന് അദ്ദേഹം വളരെ മുന്നോട്ടുപോയിരുന്നു. 32,093 വോട്ടിന്റെ ഭൂരിപക്ഷം അതു വ്യക്തമാക്കുന്നു.

ആലപ്പുഴയില്‍നിന്ന് ഒരു മന്ത്രി എന്ന പരിഗണന വന്നപ്പോള്‍ പാര്‍ട്ടിക്കു മുന്നില്‍ മറ്റൊരു പേരില്ലായിരുന്നു. പ്രസംഗങ്ങളില്‍ മിതത്വം പുലര്‍ത്താത്തതാണ് മിക്കപ്പോഴും അദ്ദേഹത്തെ വെട്ടിലാക്കിയത്.

വികസനക്കുതിപ്പിനിടയില്‍ സഡന്‍ ബ്രേക്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍നിന്നുള്ള ആദ്യ മന്ത്രിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നാട് സ്വപ്നംകണ്ടതു വികസനത്തിന്റെ പുതുലോകം. മണ്ഡലത്തില്‍നിന്നുള്ള ആദ്യമന്ത്രി, വിവിധമേഖലയില്‍ കര്‍മശേഷി തെളിയിച്ച പൊതുപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ സജി ചെറിയാന്‍ നാടിന്റെ പ്രതീക്ഷയായിരുന്നു.

ഒരുകാലത്ത് മധ്യതിരുവിതാംകൂറിന്റെ സിരാകേന്ദ്രമായിരുന്ന ചെങ്ങന്നൂരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ രണ്ടാംതവണയും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സജി ചെറിയാനു കഴിയുമെന്നായിരുന്നു പ്രതീക്ഷ.

2018-ല്‍ എം.എല്‍.എ.യായപ്പോള്‍ തുടങ്ങിവെച്ച പദ്ധതികള്‍ക്ക് മന്ത്രിയായതോടെ വേഗംകൂടി. ഇതിനിടയിലാണ് അപ്രതീക്ഷിത രാജി. വികസനക്കുതിപ്പിനു സഡന്‍ ബ്രേക്ക് വീഴുമോയെന്നാണിപ്പോള്‍ ആശങ്ക.

സ്വപ്നപദ്ധതിയായ റൈസ് പാര്‍ക്ക് നിര്‍മാണോദ്ഘാടനം നാളെ

ചെങ്ങന്നൂരിനുപുറമേ കുട്ടനാടിനാകെ ഗുണകരമാകുന്ന റൈസ് പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ചയാണ്.ഇതിനു രണ്ടുദിവസം മുന്‍പാണ് മന്ത്രിയുടെ രാജി. അരിയും മൂല്യവര്‍ധിത ഉത്പന്നങ്ങളും വിദേശവിപണിയിലെത്തിക്കുന്ന സ്വപ്നപദ്ധതിക്കാണു തുടക്കമാകുന്നത്. സജി ചെറിയാന്റെ കഠിനപരിശ്രമത്തിനൊടുവിലാണ് റൈസ് പാര്‍ക്ക് ചെങ്ങന്നൂരിനു ലഭിച്ചത്.

മുളക്കുഴ പഞ്ചായത്തില്‍ കോട്ടയില്‍ വ്യവസായവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മില്‍സിന്റെ 13.67 ഏക്കര്‍ ഭൂമിയിലെ ഉപയോഗ്യമായ 5.18 ഏക്കറിലാണ് കേരള റൈസ് ലിമിറ്റഡ് കമ്പനി, കുട്ടനാട് റൈസ്പാര്‍ക്ക് സ്ഥാപിക്കുന്നത്.പതിറ്റാണ്ടുകള്‍ക്കുശേഷം ചെങ്ങന്നൂരില്‍ ഒരു വ്യവസായസ്ഥാപനം യാഥാര്‍ഥ്യമാകുകയാണ്. മറ്റു പല പദ്ധതികളും പാതിവഴിയിലാണ്.

വികസനപദ്ധതികള്‍ ഒറ്റ നോട്ടത്തില്‍

• സമ്പൂര്‍ണ മണ്ഡലതല കുടിവെള്ളപദ്ധതി

• സമ്പൂര്‍ണ തരിശുരഹിതപദ്ധതി

• സര്‍ക്കാര്‍ ഓഫീസ്, സ്‌കൂള്‍, ആശുപത്രി തുടങ്ങിയവയ്ക്കായി പുതിയ കെട്ടിടങ്ങള്‍

• 100 കോടിയുടെ ജില്ലാ ആശുപത്രി സമുച്ചയം

• പൊതുമരാമത്തു റോഡുകള്‍, പാലങ്ങള്‍, ഗ്രാമീണ റോഡുകള്‍

• അന്താരാഷ്ട്ര സ്റ്റേഡിയം

• സെന്‍ട്രല്‍ ഹാച്ചറി,

• ഐ.ടി.ഐ. നവീകരണം,

• ചെങ്ങന്നൂര്‍ ബൈപ്പാസ്

• സാംസ്‌കാരികനിലയം

• അടൂര്‍-ചെങ്ങന്നൂര്‍ സുരക്ഷാ ഇടനാഴി. പൊതുശ്മശാനമടക്കം 2,500 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. വേഗത്തില്‍ മുന്നേറാനും ചിലതു പൂര്‍ത്തിയാക്കാനും കഴിഞ്ഞു.

ആളൊഴിഞ്ഞ് തെങ്ങുംതറയില്‍ വീട്

ചെങ്ങന്നൂര്‍: കൊഴുവല്ലൂരിലെ തെങ്ങുംതറയില്‍ വീട്ടിലേക്കുള്ള വഴിയില്‍ ബുധനാഴ്ച വൈകുന്നേരം വാഹനങ്ങളുടെ നീണ്ടനിരയുണ്ടായില്ല. വീട്ടിലെത്തുമ്പോള്‍ മുന്നില്‍ മൂന്നു പോലീസുകാര്‍ കാവലുണ്ട്. പ്രധാന വാതിലടക്കം അടഞ്ഞുകിടക്കുന്നു. പുറത്തു മറ്റാരെയും കാണാനില്ല. കഴിഞ്ഞദിവസംവരെ ഇതല്ലായിരുന്നു സ്ഥിതി.

മന്ത്രി സജി ചെറിയാന്റെ വീട്ടില്‍ ബുധനാഴ്ച ആളും ആരവവുമൊഴിഞ്ഞു. വീട്ടില്‍ അമ്മ ശോശാമ്മയും ഭാര്യ ക്രിസ്റ്റീനയും മകള്‍ ഡോ. നിത്യയുമുണ്ടായിരുന്നു. മൂന്നുപേരും മന്ത്രിയുടെ രാജിപ്രഖ്യാപനം ടി.വി.യില്‍ കാണുകയാണ്.ഇടയ്‌ക്കെപ്പൊഴോ ഏറ്റവും മുന്‍പിലിരുന്ന അമ്മയുടെ കണ്ണില്‍നിന്നു ഒരിറ്റു കണ്ണീര്‍ പൊടിഞ്ഞു. പക്ഷേ, പെട്ടെന്നു പുതച്ചിരുന്ന തോര്‍ത്തുകൊണ്ട് കണ്ണീരൊപ്പി. പിന്നെയും ടി.വി.യില്‍ തന്നെയായി ശ്രദ്ധ.

സജി ചെറിയാന്റെ രാജിപ്രഖ്യാപനം ടി.വി.യില്‍ കാണുന്ന അമ്മ ശോശാമ്മ, ഭാര്യ ക്രിസ്റ്റീന, മകള്‍ ഡോ. നിത്യ എന്നിവര്‍

ഭാര്യ ക്രിസ്റ്റീന ഇടയ്ക്കു പുറത്തുള്ള മാധ്യമപ്രവര്‍ത്തകരെ നോക്കി ചിരിച്ചു. രാജിയെപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നു മറുപടി. ദിവസേന നൂറിലധികംപേര്‍ എത്തിയിരുന്ന മന്ത്രി സജി ചെറിയാന്റെ വീടു ശാന്തം. മന്ത്രിയുടെ രാജി വീടിനെയും വീട്ടുകാരെയും സങ്കടത്തിലാക്കിയെന്നതു വ്യക്തം.

പിണറായി സര്‍ക്കാരില്‍നിന്നു രാജിവെച്ച രണ്ടാമത്തെ ആലപ്പുഴക്കാരന്‍

പിണറായി വിജയന്‍ മന്ത്രിസഭയില്‍നിന്നു രാജിവെക്കുന്ന ജില്ലയില്‍നിന്നുള്ള രണ്ടാമത്തെയാളാണ് സജി ചെറിയാന്‍. ആദ്യയാള്‍ തോമസ് ചാണ്ടിയായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയില്‍നിന്നാണു തോമസ് ചാണ്ടി രാജിവെച്ചത്. ഇപ്പോള്‍ സജി ചെറിയാനും.ഭരണഘടനയെ അധിക്ഷേപിച്ചുള്ള വിവാദ പ്രസംഗമാണ് സജിക്കു വിനയായത്. തോമസ് ചാണ്ടിയെ പടിയിറക്കിയതു കായല്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും. തോമസ് ചാണ്ടി കുട്ടനാട്ടുകാരനും സജി ചെറിയാന്‍ അപ്പര്‍ കുട്ടനാട്ടുകാരനുമാണ്.

Content Highlights: saji cheriyan, political life

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented