2018-ലെ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്ന് അട്ടിമറി വിജയം നേടിയാണ് സജി ചെറിയാൻ ആദ്യം നിയമസഭയിലെത്തുന്നത്. മൂന്ന് വർഷം കൊണ്ട് ചെങ്ങന്നൂരുകാരുടെ ജനപ്രിയ എം.എൽ.എയായി. മഹാപ്രളയത്തിലും ദുരിതകാലത്തും അവർക്കൊപ്പംനിന്നു. അതിനാൽ തന്നെ ഇത്തവണയും മികച്ച ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാനെ വോട്ടർമാർ തിരഞ്ഞെടുത്തത്. ഒടുവിൽ അവർ ആഗ്രഹിച്ചത് പോലെ തങ്ങളുടെ എം.എൽ.എ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയുമായി.

റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കൊഴുവല്ലൂർ തെങ്ങുംതറയിൽ പരേതനായ ടി.ടി. ചെറിയാന്റെയും റിട്ട. പ്രഥമാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനാണ് 56-കാരനായ സജി ചെറിയാൻ. 1978-ൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.യിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിൽ പ്രവേശിച്ചു. 25 വർഷത്തെ കെ.എസ്.യു. ഭരണം അവസാനിപ്പിച്ചു മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസില(യു.യു.സി)റായി.

തിരുവനന്തപുരം ലോ-അക്കാദമി ലോ-കോളേജിൽനിന്ന് നിയമവിദ്യാഭ്യാസം. 1980-ൽ സി.പി.എം. അംഗമായി. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ ജില്ലാപ്രസിഡന്റ്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

സി.പി.എം. നേതാവ് എന്നതിനോടൊപ്പം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എന്നനിലയിലാണ് ചെങ്ങന്നൂരിൽ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്. 2018-ൽ ചെങ്ങന്നൂരിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ എം.എൽ.എ. ആയി. സി.പി.എം. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി, ജില്ലാസെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഭാര്യ: ക്രിസ്റ്റീന. മക്കൾ: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ(എം.ബി.ബി.എസ്. വിദ്യാർഥിനി). മരുമക്കൾ: അലൻ, ജസ്റ്റിൻ.