ചെങ്ങന്നൂരിലെ തന്ത്രശാലി; ഭരണഘടനയുടെ പേരില്‍ അപ്രതീക്ഷിത പടിയിറക്കം, പുത്തരിയല്ല വിവാദങ്ങള്‍


സജി ചെറിയാൻ| Photo: Mathrubhumi

ന്ത്യന്‍ ഭരണഘടനയെ കുറിച്ച് അങ്ങനെ എന്തും ഏതും വാവിട്ട് പറയാന്‍ നില്‍ക്കരുത്. പ്രത്യേകിച്ച് ഭരണഘടനയോടു കൂറുപ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ സഭയിലെത്തുകയും ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വരികയും ചെയ്ത സജി ചെറിയാന്റെ പടിയിറക്കം വ്യക്തമാക്കുന്നത് ഇതല്ലാതെ മറ്റൊന്നുമല്ല. മല്ലപ്പള്ളിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അണികളെ ആവേശം കൊള്ളിക്കാന്‍, കയ്യടി നേടാന്‍ നടത്തിയ സജിയുടെ വാക്കുകള്‍ പിടിച്ചിടത്ത് നില്‍ക്കാതെ പോയതാണ് അനിവാര്യമായ രാജിയിലേക്ക് എത്തിച്ചത്. പതിവായി പറയാറുള്ള വീഴ്ച-നാക്കുപിഴ-ശ്രദ്ധക്കുറവ് ന്യായീകരണങ്ങളൊന്നും തുണയാകാതെ വന്നതും ഇക്കാരണത്താല്‍ തന്നെയാണ്. അല്ലെങ്കിലും ആര്‍ക്കും എന്തും പറയാവുന്ന ഒന്നല്ലല്ലോ, ഇന്ത്യന്‍ ഭരണഘടന.

ചെങ്ങന്നൂരിലെ തന്ത്രശാലി

വിഭാഗീതയതുടെ വിളനിലമായ ആലപ്പുഴയില്‍, പിണറായിപക്ഷത്തിനൊപ്പം നിന്ന നേതാവാണ് സജി ചെറിയാന്‍. ദീര്‍ഘകാലം ജില്ലാ സെക്രട്ടറി. പാര്‍ട്ടിയ്ക്കുള്ളിലും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും അടിയും തടയും ആവോളം പയറ്റിയ തന്ത്രജ്ഞന്‍. 2006-ല്‍ ചെങ്ങന്നൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു. പിന്നീട് 12 കൊല്ലത്തിനിപ്പുറം 2018-ല്‍ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തേത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹം പിന്നീട് തിരഞ്ഞൈടുപ്പു കളത്തിലെ പോരാട്ടത്തിനിറങ്ങിയത്. കെ.കെ. രാമചന്ദ്രന്‍ നായരുടെ വിജയത്തിന്റെ പിന്നിലെ നിര്‍ണായക സാന്നിധ്യമായിരുന്നു സജി ചെറിയാന്‍.

പി.സി. വിഷ്ണുനാഥ്, ശോഭനാ ജോര്‍ജ്| Photo: Mathrubhumi

2016-ല്‍ പി.സി. വിഷ്ണുനാഥായിരുന്നു കെ.കെ. രാമചന്ദ്രന്‍ നായരുടെ എതിരാളി. 2006-ലും 2011-ലും ചെങ്ങന്നൂരില്‍നിന്ന് ജയിച്ചുകയറിയതിന്റെ ആത്മവിശ്വാസത്തോടെയാണ് അന്ന് രാമചന്ദ്രന്‍ നായരെ നേരിടാന്‍ വിഷ്ണുനാഥ് എത്തിയത്. എന്നാല്‍ 52,880 വോട്ടുനേടി രാമചന്ദ്രന്‍ നായര്‍ ജയിച്ചു. അന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചത് വിഷ്ണുനാഥിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ട്. ശോഭനയെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതിന് പിന്നില്‍ താനായിരുന്നെന്നും രാമചന്ദ്രന്‍ നായരുടെ വിജയമായിരുന്നു ലക്ഷ്യമെന്നും സജി ചെറിയാന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2018-ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഡി. വിജയകുമാറിനെയാണ് സജി ചെറിയാന്‍ പരാജപ്പെടുത്തിയത്.

Also Read

പറഞ്ഞു കുടുങ്ങി; ഒടുവിൽ പോംവഴിയില്ലാതെ ...

മന്ത്രിയെ കുരുക്കി 'കുന്തവും കുടച്ചക്രവും'; ...

2018-ലെ പ്രളയകാലത്ത് സഹായം അഭ്യര്‍ഥിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ സജി ചെറിയാന്‍ പൊട്ടിക്കരഞ്ഞതും വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. പ്രളയക്കെടുതിയില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചു പോകുമെന്നും ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം ആവശ്യമാണെന്നും അദ്ദേഹം കരഞ്ഞു പറയുകയുണ്ടായി.

മന്ത്രിസ്ഥാനത്തേക്ക്

മൂന്നുകൊല്ലത്തിനു ശേഷം 2021-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്. യു.ഡി.എഫിന്റെ എം. മുരളിയും എന്‍.ഡി.എയുടെ ഗോപകുമാറുമായിരുന്നു സജി ചെറിയാന്റെ എതിരാളികള്‍. സഭയിലെത്തിയ സജി ചെറിയാനെ കാത്തിരുന്നത് ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യ വകുപ്പുമന്ത്രിസ്ഥനമായിരുന്നു.

സജി ചെറിയാനും വിവാദങ്ങളും

പിണറായി സര്‍ക്കാരിനെ ആകെ വലച്ച സില്‍വര്‍ ലൈന്‍ പദ്ധതി വിഷയത്തില്‍ ഉള്‍പ്പെടെ പലവുരു സജി ചെറിയാന്‍ വിവാദപരാമര്‍ശം നടത്തിയിട്ടുണ്ട്. അവയില്‍ ചിലത് ഇവയാണ്-

'കെ-റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍, കല്ലിളക്കിയാല്‍ വിവരമറിയും'

കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍നിന്ന് ആളെ ഇറക്കുന്നതായി സജി ചെറിയാന്‍ ആരോപിച്ചിരുന്നു. മാര്‍ച്ച് 21-നായിരുന്നു ഇത്. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നതെന്നും കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കെ റെയിലിനെതിരേ സംസ്ഥാനമെമ്പാടും സര്‍വേക്കല്ലുകള്‍ ഇളക്കിമാറ്റുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയ സമയത്തായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നായിരുന്നു ആരോപണം. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പലരും പറയുന്നതെന്നും അങ്ങനെ ഒരു സംഭവമേ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപണവും സജി ചെറിയാന്‍ അന്ന് ഉന്നയിച്ചിരുന്നു.

Photo: Mathrubhumi

'ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല, അത് ആവശ്യപ്പെടുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യം'

സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ അത് പുറത്തുവിടണമെന്ന് വിവിധ മേഖലകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നായിരുന്നു സിനിമാവകുപ്പു മന്ത്രികൂടിയായ സജി ചെറിയാന്റെ നിലപാട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരിമാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? അതൊക്കെ വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ച് പറയുന്നതാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. ഗവണ്‍മെന്റ് വെച്ച റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ഗവണ്‍മെന്റ് തീരുമാനിക്കും. ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. അതാണ് പ്രധാനം, അല്ലാതെ റിപ്പോര്‍ട്ട് തള്ളിക്കളയുകയല്ല-എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

'ഭൂമിക്കടിയിലെ വെള്ളം, എന്തേ വെള്ളപ്പൊക്കം ഉണ്ടാവാത്തത്?'

വികസനം പറയുമ്പോള്‍ കേരളത്തില്‍മാത്രമാണു പരിസ്ഥിതിപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്നും സജി ചെറിയാന്‍ നേരത്തെ ആരോപിച്ചിരുന്നു. കാലത്തിനൊത്തു വികസനമെന്നതു ന്യായമായ ആവശ്യമാണ്. മറ്റുസ്ഥലങ്ങളില്‍ 40 വര്‍ഷം മുന്‍പ് ഹൈസ്പീഡ് റെയില്‍വേയുണ്ട്. വിദേശത്തു വലിയ മാളുകളുടെ ഉള്ളില്‍ക്കൂടിയാണ് 400 കീലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നത്. അവിടെ ഒരു പ്രശ്നവുമില്ല. കേരളത്തില്‍ മറിയുമെന്നാണു പ്രചാരണം. കേരളത്തില്‍ ഭൂമിക്കടിയില്‍ നിറയെ വെള്ളമാണെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നുമാണു പറയുന്നത്. 'കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാവാത്തത്. ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്‌നം,' ഇതായിരുന്നു സജി ചെറിയാന്‍റെ ചോദ്യം. ഏപ്രില്‍ രണ്ടിന് ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു സജിയുടെ പ്രതികരണം.

'ആ കുട്ടിക്കും കുട്ടിയുണ്ടാക്കുക, ചോദ്യംചെയ്ത അച്ഛന്‍ ജയിലില്‍പോകുക'

സി.പി.എമ്മിന് ഏറെ നാണക്കേടുണ്ടാക്കിയ ദത്ത് വിവാദത്തിലും സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. വിഷയം നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രി അഭിപ്രായം പറഞ്ഞതെങ്കിലും വാക്കുകള്‍ വിവാദത്തിന് തിരികൊളുത്തി. 'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യംചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം', ഇതായിരുന്നു ഒക്ടോബര്‍ മുപ്പതിന് സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം. സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്.

ഭരണഘടനയെ വിമർശിച്ച് ചോദിച്ചുവാങ്ങിയ രാജി

മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്‍റെ ഏറ്റവും ഒടുവിലത്തെ വിവാദ പ്രസംഗം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന ഭരണഘടനാ വിമർശനമായിരുന്നു വിമർശനങ്ങള്‍ക്കിടയാക്കിയത്. ഭരണഘടന പ്രകാരം എംഎല്‍എയും മന്ത്രിയുമായ ഒരാള്‍ ഭരണഘടനയെ തള്ളിപ്പറയുന്നു എന്നായിരുന്നു പ്രധാന ആരോപണം. സജി ചെറിയാന്റെ പരാമര്‍ശം മാതൃഭൂമി ഡോട്ട്‌കോം വാര്‍ത്തയാക്കിയതിന് പിന്നാലെ പ്രതിപക്ഷവും നിയമവിദഗ്ധരും അതിരൂക്ഷ വിമര്‍ശനമാണ് മന്ത്രിക്കെതിരേ ഉന്നയിച്ചത്. ഇതായിരുന്നു മല്ലപ്പള്ളിയിലെ സജി ചെറിയാന്‍റെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങള്‍-

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്. ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ? നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ ചോദിച്ചു.

Content Highlights: saji cheriyan controversies and resignation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented