സജി ചെറിയാൻ| Photo: Mathrubhumi
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിപദത്തിലേക്ക് തിരിച്ചെടുക്കാന്‍ സി.പി.എം. തീരുമാനിച്ചതോടെ രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടിയ 'ധാര്‍മികത' പ്രശ്നം അവസാനിച്ചോയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഭരണഘടനാധിക്ഷേപ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാനെതിരേയുള്ള കേസുകളില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല. എന്നാല്‍, 'ധാര്‍മികത'യില്‍ പാര്‍ട്ടി തീര്‍പ്പുണ്ടാക്കിയതിന്റെ കാരണമാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. ഇതേപ്രശ്നം ഗവര്‍ണര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്.
''ഞാന്‍ ഒരിക്കല്‍പ്പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ പ്രസംഗത്തിലെ പരാമര്‍ശം സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാന്‍ മനസ്സിലാക്കുന്നു. ആ സാഹചര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്. അതിനാല്‍, ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവെക്കുകയാണ്'' -ഇതായിരുന്നു രാജിവെക്കുന്ന ഘട്ടത്തില്‍ സജി ചെറിയാന് നടത്തിയ പരാമര്‍ശം.
തിരുവല്ല കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് സജി ചെറിയാനെതിരേ പോലീസ് കേസെടുത്തത്. ഈ കേസില്‍ തീര്‍പ്പുണ്ടാക്കേണ്ടത് ഇതേ കോടതിയാണ്. സജി ചെറിയാന് 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നല്‍കിയാണ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അതിനെ കോടതി എങ്ങനെ കാണുന്നുവെന്നത് പ്രധാനമാണ്. മാത്രവുമല്ല, ഈ പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്.
സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഈ വിധിക്കുപിന്നാലെ, സജി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത് ഇങ്ങനെയായിരുന്നു: ''ധാര്‍മികതയുടെ പേരിലാണ് സജി ചെറിയാന് രാജിവെച്ചത്. ധാര്‍മികത എന്നത് ഏതെങ്കിലും ഒരു സമയത്ത് അവസാനിക്കുന്നതല്ല.'' ആ സ്ഥിതിയില്‍നിന്ന് കേസിന്റെ കാര്യത്തില്‍ ഒരു മാറ്റം സംഭവിക്കാതിരിക്കെയാണ് ഇപ്പോള്‍ 'ധാര്‍മികത'യില്‍ തീര്‍പ്പാക്കി സജി ചെറിയാന് മന്ത്രിപദത്തിലേറാന് പാര്‍ട്ടി അനുമതിനല്‍കിയിരിക്കുന്നത്
Content Highlights: Saji Cheriyan case CPM Thiruvalla court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..