എം.വി. ഗോവിന്ദൻ, സജി ചെറിയാൻ | Photo: Mathrubhumi
കണ്ണൂര്‍: ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരില്‍ രാജിവെച്ച സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മുഖ്യമന്ത്രിയുടേയും ഗവര്‍ണറുടേയും സൗകര്യമനുസരിച്ച് ഉടന്‍ തന്നെ സത്യപ്രതിജ്ഞയുണ്ടാവുമെന്ന് എം.വി. ഗോവിന്ദന് അറിയിച്ചു. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും വന്നുകഴിഞ്ഞു. ഭരണഘടനയോടുള്ള വെല്ലുവിളിയില്ലെന്ന് കോടതി തീരുമാനിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്കോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ഉണ്ടാവേണ്ടകാര്യമില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ ഏത് കാര്യത്തിനാണ് തെളിവ് കിട്ടുന്നതെന്ന് ചോദിച്ച ചെന്നിത്തല സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് ധാര്‍മ്മികമായി ശരിയല്ല എന്നാണ് തങ്ങളുടെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനോട് പ്രതികരിച്ച എം.വി. ഗോവിന്ദന്, പ്രതിപക്ഷത്തിന്റെ രീതികളെല്ലാം നെഗറ്റീവാണെന്ന് ആരോപിച്ചിരുന്നു. അവര്‍ നീതീകരിച്ചാല്‍ കാര്യം പോയില്ലേയെന്ന് ചോദിച്ച അദ്ദേഹം നെഗറ്റീവ് ചിന്തകള്‍ക്കൊന്നും മറുപടി പറയേണ്ടകാര്യമില്ലെന്നും അഭിപ്രായപ്പെട്ടു.
അതിനിടെ, സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാലാം തീയതി ഉണ്ടായേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച് രാജ്ഭവനെ സര്‍ക്കാര്‍ അറിയിക്കും.
Content Highlights: Saji Cheriyan back as minister confirms cpim party secretary mv govindanno reply to chennithala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..