കേരള സ്‌റ്റോറീസ് പോസ്റ്റർ, സജി ചെറിയാൻ
തിരുവനന്തപുരം: കേരള സ്റ്റോറീസ് സിനിമ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസന്‍സല്ലെന്നും സമൂഹത്തില്‍ വിഷം കലര്‍ത്താനുള്ള നീക്കം ചെറുത്തു തോല്പിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് 32,000 വനിതകളെ ഭീകരവാദ പ്രവര്‍ത്തനത്തിന് റിക്രൂട്ട്മെന്റ് നടത്തി, അവരെ ഉപയോഗിച്ച് ഭീകരവാദ പ്രവര്‍ത്തനം നടത്തി എന്നതാണ് സിനിമയുടെ ആശയമെന്നാണ് മനസിലാക്കുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതോ സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുന്നതോ ആയ കാര്യമല്ല. കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്ന നീക്കമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിനായി തയ്യാറാക്കിയ ഒരു സിനിമയായാണ് ഇതിനെ കാണുന്നത്. വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിച്ച് ഗുജറാത്തിലും ത്രിപുരയിലും കര്‍ണാടകയിലും തുടങ്ങി, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപകലുഷിതമായ അന്തരീക്ഷത്തിലൂടെ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുപ്പ് നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ് ഈ സിനിമ എന്നതാണ് വസ്തുത. ഇത് ഒരു കാരണവശാലും കേരളീയ സമൂഹം അംഗീകരിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിനുതന്നെ മാതൃകയായി, മതമൈത്രി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഈ നാട് മുഴുവന്‍ ഭീകരവാദത്തിന്റെ വിളനിലമാണെന്ന പ്രചാരണം ആര് നടത്തിയാലും ആര് ശ്രമിച്ചാലും വിജയിക്കില്ല. ഈ സിനിമ കേരളത്തെ ഭിന്നിപ്പിക്കുന്നതിന്, കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കി വര്‍ഗീയത മുളപ്പിക്കാനും ഭാവിയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിത നീക്കമാണ്. ഇതിനെതിരെ ശക്തമായ വികാരം കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരണം. മതേതര കേരളം ഈ സിനിമയെ അവജ്ഞയോടെ തള്ളിക്കളയണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസന്‍സല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടികളുടെ ഉള്‍പ്പെടെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: saji cheriyan against kerala stories movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..