ചോരൻ സിനിമയിലെ ഗാനരംഗത്തിൽ പ്രവീൺ റാണ | screengrab
കൊച്ചി: കൃത്യമായ ആസൂത്രണം, കറകളഞ്ഞ പ്രൊഫഷണലിസം, മാര്‍ക്കറ്റിങ്ങിലൂടെ സൃഷ്ടിച്ച വ്യാജപ്രതിച്ഛായ, ആള്‍ദൈവത്തെ പോലെ ആരാധിക്കുന്ന ഒരുപറ്റം ജോലിക്കാര്‍- ഇവയായിരുന്നു തൃശ്ശൂരിലെ സെയ്ഫ് ആന്‍ഡ് സ്ട്രോങ് എന്ന സ്ഥാപനത്തിലൂടെ കോടികള്‍ തട്ടിയ പ്രവീണ്‍ റാണയെന്ന കെ. പി. പ്രവീണിന്റെ മൂലധനം. അവകാശപ്പെടുന്ന പല കാര്യങ്ങളും അവിശ്വസനീയമായിരുന്നെങ്കിലും സമൂഹത്തിലെ ഉന്നതരെയും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലയിലുള്ളവരെയും വരെ പ്രവീണ്‍ വലയില്‍ വീഴ്ത്തിയത് ഈ തന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍, നിസ്സാരമെന്ന് തോന്നാവുന്ന ചെറിയ അബദ്ധങ്ങളാണ് 'തട്ടിപ്പിന്റെ രാജകുമാര'നെതിരേ തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാണ്, വര്‍ഷങ്ങളായി നൂറുകണക്കിന് നിക്ഷേപകരുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടിരുന്ന റാണയുടെ അറസ്റ്റിലേക്ക് വരെ എത്തിച്ചതും.
നിക്ഷേപമോ അതിന്റെ റിട്ടേണോ കിട്ടാത്തതിനെ തുടര്‍ന്ന് പ്രവീണിനും സെയ്ഫ് ആന്‍ഡ് സ്ട്രോങ് സ്ഥാപനത്തിനുമെതിരേ മാസങ്ങള്‍ക്ക് മുമ്പേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് താല്‍ക്കാലിക പ്രതിസന്ധിയാണെന്ന മറുപടികള്‍ നല്കിയ പ്രതീക്ഷയും വമ്പന്‍ സ്ഥാപനത്തിനെതിരേ പരാതി നല്കുന്നതിലുള്ള ആശങ്കയും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ നിക്ഷേപകരെ നിയമപരമായി മുന്നോട്ടുപോകുന്നതില്നിന്നും തടയുകയായിരുന്നു. നിക്ഷേപകരുടെ ഭാഗത്തുനിന്ന് സമ്മര്ദ്ദമേറിയതോടെ ഡിസംബര്‍ 27ന് തൃശൂരിലെ റാണാസ് റിസോര്‍ട്ടില്‍ പ്രവീണ്‍ നിക്ഷേപകരുടെ യോഗം വിളിച്ചു. ഈ യോഗമാണ് റാണയ്ക്കെതിരേ നിക്ഷേപകരുടെ കൂട്ടായ്മ ഉണ്ടാകാന്‍ കാരണമായത്.
ഇത്രയേറെ പേര്‍ക്ക് പണം കിട്ടാനുണ്ടെന്ന് നിക്ഷേപകര്‍ മനസ്സിലാക്കുന്നത് യോഗത്തിന് എത്തിയപ്പോഴാണ്. യോഗത്തില്‍വെച്ച് ഇവര്‍ പരസ്പരം നമ്പറുകള്‍ കൈമാറുകയും ഗ്രൂപ്പ് സൃഷ്ടിക്കുകയും ചെയ്തു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവര്‍ 'സെയ്ഫ് ആന്‍ഡ് സ്ട്രോങ് കസ്റ്റമര്‍ വെല്‍ഫെയര്‍ അസോസിയേഷന്' എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും ചെയ്തു. ജനുവരി ഒമ്പതിന് രജിസ്റ്റര്‍ ചെയ്ത സംഘടനയില്‍ നിലവില്‍ നൂറിലേറെ നിക്ഷേപകര്‍ അംഗങ്ങളായുണ്ട്. കേസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഘടന കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. നിലവില്‍ അമ്പതിലേറെ അംഗങ്ങള്‍ റാണയ്ക്കെതിരേ കേസ് കൊടുത്തുകഴിഞ്ഞു.
.jpg?$p=e2236d5&&q=0.8)
'പ്രവീണ്‍ റാണയ്ക്ക് പറ്റിയ അബദ്ധമായിരുന്നു ഡിസംബര്‍ 27ലെ യോഗം,' സെയ്ഫ് ആന്‍ഡ് സ്ട്രോങ് കസ്റ്റമര്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് രാജന് ജോസഫ് പറയുന്നു. 'പണം നഷ്ടമായവര്‍ക്ക് ഒന്നിച്ചുകാണാന്‍ അവസരമുണ്ടായത് ഈ യോഗത്തിലാണ്. അന്ന് ഇതുവരെയുള്ള കുടിശ്ശിക തീര്‍ക്കുകയോ നിക്ഷേപം തിരിച്ചുതരികയോ ചെയ്യണമെന്ന നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. എന്നാല്‍, ബിസിനസില്‍ ചില നഷ്ടങ്ങളുണ്ടായെന്നും ഇപ്പോള്‍ പണം തരാന്‍ സാധിക്കില്ലെന്നുമായിരുന്നു റാണയുടെ മറുപടി. തീരുമാനമുണ്ടാകാതെ പോകാനാവില്ലെന്ന് പറഞ്ഞതോടെ ഒടുവില്‍ പോലീസ് മധ്യസ്ഥതയില്‍ എല്ലാവര്ക്കും പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കുമെന്ന ഉറപ്പില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു'- രാജന് ജോസഫ് വ്യക്തമാക്കി.
ജനുവരി പത്തിനു മുമ്പായി ചെക്ക് നല്‍കാമെന്നായിരുന്നു പ്രവീണ്‍ യോഗത്തില്‍ നല്‍കിയിരുന്ന ഉറപ്പ്. തങ്ങളുടെ പണം നേരായ വഴിക്ക് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്ക് കുറവായിരുന്നെങ്കിലും പോലീസ് ഇടപെടലില്‍ നല്കിയ ഉറപ്പ് പാലിക്കപ്പെടുമെന്ന വിശ്വാസം ഉണ്ടായിരുന്നു. മാത്രമല്ല, പണം നേരിട്ട് നല്‍കിയവര്‍ക്ക് രസീത് മാത്രമാണ് നല്‍കിയിരുന്നത്. ചെക്ക് ലഭിക്കുന്നത് നിയമപരമായി ഗുണം ചെയ്യുമെന്നതും ചെക്ക് വാങ്ങുക എന്ന ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. എന്നാല്‍, അടുത്ത ദിവസം വന്ന റാണയുടെ വോയ്സ് ക്ലിപ്പ് അവസാന പ്രതീക്ഷകളും തല്ലിക്കെടുത്തുന്നതായിരുന്നു.
താനും സെയ്ഫ് ആന്റ് സ്ട്രോങ്ങിലെ സ്റ്റാഫ് ആണെന്നും അതിനാല്‍ മറ്റുള്ളവര്‍ രാജിവെച്ചതുപോലെ കമ്പനിയില്‍നിന്ന് രാജിവെക്കുയാണെന്നുമായിരുന്നു പ്രവീണ്‍ റാണ ശബ്ദരേഖയിലൂടെ നിക്ഷേപകരെ അറിയിച്ചത്. സെയ്ഫ് ആന്റ് സ്ട്രോങ് ഒരു പലിശക്കമ്പനിയല്ല. സ്റ്റാഫിനും നിക്ഷേപകര്‍ക്കും കമ്പനിയോട് ഉത്തരവാദിത്തമുണ്ട്. ഡിസംബര്‍ 27ലെ യോഗത്തിലുണ്ടായ അനുഭവം ബുദ്ധിമുട്ടുണ്ടാക്കി. അതിനാല്‍ താല്‍ക്കാലികമായി രാജിവെക്കുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം നിക്ഷേപകര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചുവരാമെന്നും പ്രവീണ്‍ പറയുന്നു. നിക്ഷേപകരും ഉപഭോക്താക്കളും ചേര്‍ന്ന് കമ്പനിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ജനുവരി 10ന് മുമ്പ് നിക്ഷേപകരെ വിളിക്കുമെന്നും ഇനിയും സെയ്ഫ് ആന്‍ഡ് സ്ട്രോങ് ശക്തമാക്കി താന്‍ തിരിച്ചുവരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് റാണ ശബ്ദ സന്ദേശം അവസാനിപ്പിക്കുന്നത്.
സെയ്ഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ 'ദൈവത്തിന്റെ കൈ' ആയിരുന്നു ഇതെന്ന് സ്ഥാപനത്തിനെതിരേ ആദ്യപരാതി നല്കിയ ഗുരുവായൂര്‍ സ്വദേശി ജെറി മിഡില്ടണ് പറയുന്നു. വോയ്സ് ക്ലിപ്പ് വന്നതോടെ പണം ലഭിക്കില്ലെന്ന കാര്യം ഉറപ്പായി. ഇതാണ് നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ജനുവരി പത്ത് വരെ നിക്ഷേപകര്‍ ചെക്കിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കൂടുതലൊന്നും പറയാതെ റാണ വിദേശത്തേക്ക് മുങ്ങിയിരുന്നെങ്കില്‍ ഒന്നും ചെയ്യാനാവുമായിരുന്നില്ലെന്നും ജെറി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: safe and strong praveen rana financial fraud voice clip investors meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..