സാബു എം ജേക്കബ്
ജനക്ഷേമ സഖ്യവുമായി തൃക്കാക്കരയില്‍ നിന്ന് കേരളത്തില്‍ പുതിയ രാഷ്ട്രീയ ബദലിന് തുടക്കമിടുകയാണ് ട്വന്റി-20 യും ആം ആദ്മിയും. ഉപതിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും മാറി നിന്നെങ്കിലും പിന്തുണ ആര്‍ക്കെന്ന് ഞായറാഴ്ച പ്രഖ്യാപിക്കും. ഇടതും വലതും ഒരു പോലെ ദ്രോഹിച്ച, ഇടതിന്റെ വികസന നയത്തില്‍ തന്റെ സ്ഥാപനവും കൊണ്ട് തെലങ്കാന വരെ പോവേണ്ടി വന്ന ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ ഇടതിനും വലതിനും ബിജെപിക്കും ബദലായി മാറുമോ ജനക്ഷേമ സഖ്യം
ഞങ്ങള്‍ ആര്‍ക്കും ബദലായിട്ടുള്ള മുന്നണിയല്ല. ജനങ്ങള്‍ എന്താണോ ആഗ്രഹിക്കന്നത് അത് നല്‍കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. തൃക്കാക്കരയില്‍ മത്സരിക്കുന്നില്ലെങ്കിലും അവിടെ കൃത്യമായ നിലപാട് പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ട് മണിയോടെ ആരെ പിന്തുണയ്ക്കണമന്ന കാര്യത്തില്‍ തീരുമാനമുണ്ടാവും. ബി.ജെ.പിയെ സഹായിക്കാനാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും വരുന്നുണ്ട്. അതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല. എല്‍.ഡി.എഫും യു.ഡി.എഫും പറയുന്നത് ബി.ജെ.പിയെ സഹായിക്കാനാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് പിന്മാറിയതെന്നാണ്. യു.ഡി.എഫും ബി.ജെ.പിയും പറയുന്നത് എല്‍.ഡി.എഫിനെ സഹായിക്കാനാണ് എന്നാണ്. ബി.ജെ.പിയും എല്‍.ഡി.എഫും പറയുന്ന് യു.ഡി.എഫിനെ സഹായിക്കാനാണ് എന്നാണ്. ഞങ്ങള്‍ വ്യക്തമായ നയവും നിലപാടുമുള്ള രണ്ട് പ്രസ്ഥാനങ്ങളാണ്. രഹസ്യമായി യാതൊരു ബന്ധവുമില്ല. എന്തുണ്ടെങ്കിലും അത് ജനങ്ങളോട് പറയും. അതാണ് സ്വഭാവം. ആരോപണം ഉന്നയിക്കുന്ന മുന്നണികളൊക്കെ പരമ്പരാഗതമായി ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുന്നവരാണ്. വര്‍ഗീയത പറഞ്ഞ് വോട്ട് നേടി വിജയിച്ച് വരുന്നവരാണ്. അതുകൊണ്ട് അവരങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും. മൂന്ന് മുന്നണികളും കേരളത്തിനോട് ഇത്രകാലം എന്ത് ചെയ്തുവെന്ന് എല്ലാവര്ക്കും അറിയാം. അവരൊക്കെ ജനങ്ങള്‍ യഥാര്‍ഥത്തില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ ഞങ്ങളെ പോലുള്ള ഒരു സഖ്യത്തിന് കേരളത്തില്‍ ഒരു സ്ഥാനവും ഉണ്ടാവുമായിരുന്നില്ല. മൂന്ന് മുന്നണികളും ഇക്കാലമത്രയും ജനങ്ങള്‍ക്കോ നാടിനോ വേണ്ടി ഒന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയൊരു മുന്നണിയുണ്ടായത്. അതുകൊണ്ട് യഥാര്‍ഥ ജനപക്ഷം തന്നെയായിരിക്കും.

കെ.എസ്.ആര്.ടി.സി ബസ്സുകളെ ക്ലാസ് മുറികളാക്കുകയാണല്ലോ സര്‍ക്കാര്‍
നാസയെ പോലും ഞെട്ടിച്ച് കളഞ്ഞ പ്രഖ്യാപനമാണത്. ലോകത്ത് ഒരു രാജ്യത്തും ഇതുവരെ നടക്കാത്തത്. ക്ലാസ് മുറികള്‍ മാത്രമല്ല ഇനി കോഴിക്കൂട് ഉണ്ടാക്കാനും കെ.എസ്.ആര്.ടി.സി ബസ്സുകളെ ഉപയോഗിക്കും. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് ലോകം ഞെട്ടിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളും ഇത് മാതൃകയാക്കണമെന്നാണ് എന്റെ അഭിപ്രായം. ആറോ ഏഴോ ലക്ഷം രൂപ മുടക്കിയാല്‍ ഒരു ഹൈടെക് ക്ലാസ് മുറികള്‍ നാല്പത് പേര്‍ക്ക് പഠിക്കാന്‍ പറ്റുന്നത് പണിയാന്‍ കഴിയും. അങ്ങനെയിരിക്കെയാണ് തുരുമ്പെടുത്ത വോള്‍വോ ബസ്സുകളേയും മറ്റ് കെ.എസ്.ആര്.ടി.സി ബസ്സുകളേയും ക്ലാസ് മുറികളാക്കുമെന്ന് പറയുന്നത്. ഇത്തരം മന്ത്രിമാരാണ് കേരളത്തിന്റെ അഭിമാനം. വണ്ടി വാങ്ങിക്കല് മാത്രമാണോ മന്ത്രിയുടെ ജോലി. ലോകത്തില്‍ എല്ലായിടത്തും കുട്ടികള്‍ ബസ്സിലിരുന്ന് സ്കൂളിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ ബസ്സിലിരുന്ന് പഠിക്കാനുള്ള അവസരം ഒരുങ്ങുന്നത് കേരളത്തില്‍ മാത്രമായിരിക്കും.
കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കുകയാണ് കെ.എസ്.ആര്.ടി.സി എന്താണ് ഇതിന് പരിഹാരം
ഡല്‍ഹിയിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ഇപ്പോള്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. എന്നിട്ടും അത് ലാഭകരമായി പോവുന്നു. ഇവിടെ ബസ്സില്‍ ഒന്ന് കയറിയാല്‍ ഏറ്റവും കുറഞ്ഞത് പത്ത് രൂപ കൊടുക്കണം. ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് ഉള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും അഞ്ചുകോടി രൂപയോളം നഷ്ടമുണ്ടാക്കി ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറ്റിയിരിക്കുകയാണ്. പഞ്ചായത്തിനെ സമീപിച്ച് ഡീസല്‍ അടിച്ച് തരാമോ ഞങ്ങള്‍ ഓടിക്കോളാം എന്ന് പരഞ്ഞ് ഇരക്കേണ്ട അവസ്ഥയിലേക്ക് വന്നിരിക്കുന്നു. കടുത്ത അഴിമതിയും കെടുകാര്യസ്ഥിയും ഉദ്യോഗസ്ഥ ഭരണത്തിന്റെ കഴിവില്ലായ്മയുമൊക്കെയാണ് ഇതിന് കാരണം. അന്ന് വാങ്ങിക്കുമ്പോള്‍ എഴുപതും എണ്‍പതും ലക്ഷമുണ്ടായിരുന്ന വോള്‍വോ ബസ് പോലും കട്ടപ്പുറത്താണ്. ഇന്നതിന് ഒന്നര കോടിയോളം രൂപ വരും.ഇത്രയം വിലകൂടിയ സാധനങ്ങള്‍ വാങ്ങിച്ച് പരിപാലിക്കാതെ നശിപ്പിച്ച് കളഞ്ഞവര്‍ക്ക് ജനങ്ങളോട് എന്ത് ഉത്തരവാദിത്തമാണ് ഉള്ളത്. അഴിമതിയും കമ്മീഷനടിയും മാത്രമാണ് ഇതിന്റെ പുറകില്‍ നടന്നത്. ഇത്രയും സൗജന്യങ്ങള്‍ കൊടുത്ത് ഡല്‍ഹിയില്‍ ലഭത്തിലാക്കിയത് പോലെ കേരളത്തിലും നടക്കും. ഞങ്ങള്‍ വരികയാണെങ്കില്‍ കെ.എസ്.ആര്.ടി.സി മാത്രമല്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായിരിക്കും.

മറ്റുള്ള സംസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയമായി വളരെ രീതിയില്‍ തിരഞ്ഞെടുപ്പിനെ കാണുന്ന ആളുകളാണ് കേരളത്തിലേത്. ഇവിടെ പുതിയ ബദല്‍ മുന്നണിക്കുള്ള സാധ്യത എങ്ങനെയാണ് കാണുന്നത്.
രാഷ്ട്രീയമായി ചിന്തിച്ച് വോട്ട് ചെയ്യുന്ന അല്ലെങ്കില്‍ രാഷ്ട്രീയം തലയ്ക്ക് പിടിച്ച ഒരു പത്ത് ശതമാനം ആളുകള്‍ മാത്രമാണ് ഉള്ളത്. ബാക്കിയെല്ലാവരം ഗതികേട് കൊണ്ട് വോട്ട് ചെയ്യുന്നവരാണ്. അങ്ങനെ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. മറ്റൊര് ഓപ്ഷന് മുന്നിലുണ്ടായിരുന്നില്ല. ഒന്നിനെ മടുക്കുമ്പോള്‍ മറ്റൊന്നിന് വോട്ട് ചെയ്യും. കഴിഞ്ഞ തവണ കേരളത്തിലേത് പ്രത്യേക സാഹചര്യമായിരുന്നു. കോവിഡും പ്രളയവുമെല്ലാം അവര്‍ക്ക് ഗുണമായി. സര്‍ക്കാരിന്റെ ഖജനാവ് തന്നെ കാലിയാക്കിയാണ് കഴിഞ്ഞ തവണ കോവിഡ് കാലത്തും പ്രളയത്തിനുമെല്ലാം കിറ്റ് വിതരണവും മറ്റുമെല്ലാം നടത്തിയത്. അതിന്റെയൊക്കെ ബാധ്യതയാണ് ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ഓഫര്‍ പൊളിറ്റിക്സ് എന്നതാണ് ഡല്‍ഹിയിലൊക്കെ ആം ആദ്മി പയറ്റുന്നത്. ഇതൊക്കെ കേരളത്തില്‍ നടക്കുന്ന കാര്യമാണോ
ഡല്‍ഹിയില്‍ നല്‍കുന്നത് താല്‍ക്കാലിക ഓഫര്‍ അല്ല. കിറ്റ് വിതണം പോലെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിര്‍ത്തുന്ന സംവിധാനമല്ല. പ്രകടന പത്രികയില്‍ പറഞ്ഞ് അത് കൃത്യമായി നടപ്പിലാക്കുന്നതാണ്. അതാണ് ജനക്ഷേമ പ്രവര്‍ത്തനം. ഖജനാവ് ധൂര്‍ത്തടിച്ച് കൊണ്ടോ താങ്ങാന്‍ പറ്റാത്ത വായ്പകള്‍ വാങ്ങിയോ അല്ല നടത്തുന്നത്. മുന്നോട്ട് കൊണ്ട് പോവുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കി അതിന്റെ ഗുണം ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. സൗജന്യ വൈദ്യുതിയും യാത്രയുമെല്ലാം അങ്ങനെയാണ് ഉണ്ടാവുന്നത്. അത്തരത്തില്‍ കേരളത്തിലും നടപ്പിലാക്കാനാവുന്നതേയുള്ളൂ. ട്വന്റി-20 യും ആം ആദ്മിയും വെറും വാഗ്ദാനങ്ങള്‍ മാത്രം നടത്തി അധികാരത്തില്‍ വന്നവരല്ല. പറഞ്ഞ കാര്യം ചെയ്ത് നടപ്പിലാക്കി തെളിയിച്ചവരാണ്. അത് തന്നെയായിരിക്കും ഞങ്ങളുടെ മുന്നോട്ട് പോക്കിന്റെ പ്രധാന ലക്ഷ്യവും.

വികസനത്തിന് വേണ്ടിയാണ് തൃക്കാക്കരയില്‍ ഇടതുമുന്നണി വോട്ട് ചോദിക്കുന്നത്. ഇടതിന്റെ വികസന നയം ശരിക്ക് അനുഭവിച്ച ആളാണ് താങ്കള്‍. എന്താണ് പ്രതികരണം
വികസം വികസനം എന്ന് പറഞ്ഞ് നോട്ടീസ് അടിച്ചാലോ, പത്രത്തില്‍ പരസ്യം കൊടുത്താലോ തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രഖ്യാപനം നടത്തിയത് കൊണ്ടോ കാര്യമില്ല. അത് ജനങ്ങള്‍ ശരിക്ക് അനുഭവിച്ച് അറിയണം. കെ.റെയില്‍ പോലുള്ള വിഷയങ്ങള്‍ തൃക്കാക്കരയില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കുന്നുണ്ട് സര്‍ക്കാര്‍. എന്നാല്‍ ഇത് ശരിയായ രീതിയില്‍ പഠനം നടത്താതെയുള്ള പദ്ധതിയാണെന്ന് എല്ലാവര്ക്കും അറിയാം. ഒരു പാലം പണിയാന്‍ 15 വര്‍ഷമെടുക്കുന്ന ആളുകള്‍ 520 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ പണിയണമെങ്കില്‍ ചുരുങ്ങിയത് ഒരു 100-150 വര്‍ഷമെടുക്കും. നമുക്കൊന്നും ജീവനുള്ള കാലത്ത് കാണാന്‍ കഴിയില്ല എന്നതാണ് സത്യം. അപ്പോള്‍ കുറെ കൂടി പഠനം നടത്തണം. നിലവിലെ എന്‍.എച്ച് വഴി തന്നെ മെട്രോ പോലുള്ള സംവിധാനങ്ങള്‍ പണിയാന്‍ പോലും ഇത്ര പണവും ബാധ്യതയും വരില്ല. എവിടെ നിന്ന പണം കണ്ടെത്തും എങ്ങനെ കേരളമത് താങ്ങും.
കോണ്‍ഗ്രസില്‍ നിന്ന് പലരും പുറത്ത് പോവുകയാണ്.
പുതിയ ആളുകള്‍ ജനക്ഷേമ സഖ്യത്തില്‍ വരാനിരിക്കുന്നുണ്ടോ
കോണ്ഗ്രസിലൊക്കെയുള്ള വിശ്വാസ്യത ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞൂവെന്നതാണ് സത്യം. അത് കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും അതാണ് അവസ്ഥ. നേതൃത്വമില്ലായ്മയും കോണ്‍ഗ്രസിനെ കൊണ്ട് ഇനിയൊന്നും സാധിക്കില്ലെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു.അതിന്റെയൊക്കെ ഭാഗമായിട്ടാണ് കൊഴിഞ്ഞുപോക്കും. ജനക്ഷേമ സഖ്യത്തിലേക്ക് കേരളം പ്രതീക്ഷിക്കാത്ത പലരും കടന്ന് വരും. രാഷ്ട്രീയം കച്ചവടമാക്കാത്ത ജനങ്ങളുടെ ക്ഷേമവും രാഷ്ട്രത്തിന്റെ ക്ഷേമവും ഇഷ്ടപ്പെടുന്ന പലരും കടന്ന് വരും. അത് എല്ലാ മുന്നണികളില്‍ നിന്നും ഉണ്ടാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..