കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ക്കിടയില്‍ ചേരിപ്പോരെന്ന് സൂചന. ആര്‍എസ്എസിലെ പുരോഗമന വാദികളും ആചാര സംരക്ഷണ വാദികളായ റെഡി ടു വെയ്റ്റ് പ്രചാരകരും തമ്മിലാണ് പോര് മുറുകുന്നത്. ആദ്യം മുതലെ ആചാര സംരക്ഷണത്തിനൊപ്പം നിന്ന ശങ്കു ടി ദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സംഘപരിവാറിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്തുകൊണ്ടുവന്നത്. ആര്‍എസ്എസ് ബൗദ്ധിക വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ ആര്‍. ഹരിയെ വിമര്‍ശിച്ച് മെയ് നാലിന് ശങ്കു ടി ദാസ് ഇട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിന് റെഡി ടു വെയ്റ്റ് പ്രചാരകയായ പത്മ പിള്ള ഇട്ട കമന്റിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ വാദവും പ്രതിവാദവുമായി ഇരുവിഭാഗങ്ങളും സംഘടിച്ചു.
ആര്‍ ഹരിയെ ക്ഷേത്ര വിരുദ്ധനെന്നും സമ്പ്രദായ നിഷേധിയെന്നും ശങ്കു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാടാണ് തുടക്കം മുതല്‍ ആര്‍ ഹരി സ്വീകരിച്ചുപോന്നിരുന്നത്. കേസരിയില്‍ ഈ വിഷയത്തില്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു. കോടതിവിധിക്ക് ശേഷമുണ്ടായ സമരങ്ങള്‍ക്കിടെ ആര്‍ ഹരിയടക്കമുള്ളവര്‍ നിശബ്ദത പാലിച്ചിരുന്നു. ഇതിനെതിരെയും ആര്‍ ഹരിയുടേത് ആചാര വിരുദ്ധ നിലപാടുകളാണെന്ന് കുറ്റപ്പെടുത്തി രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റാണ് ശങ്കു ടി ദാസ് ഇട്ടിരിക്കുന്നത്.
വിഷയം ഇങ്ങനെ
കോടതി വിധിക്ക് മുമ്പും അതിന് ശേഷവും യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍ കേരളത്തില്‍ വിശ്വാസികള്‍ പ്രതിഷേധം ശക്തിപ്പെടുത്തിയതോടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് കാര്യമായി ഇടപെടുകയും ശബരിമല കര്‍മസമിതിക്ക് രൂപം നല്‍കുകയും ചെയ്തു.
തുടക്കം മുതല്‍ ആചാര ലംഘനത്തിന് എതിരെ നിന്ന റെഡി ടു വെയ്റ്റ് വിഭാഗം ഇതോടെ കര്‍മസമിതിയുടെ കുടക്കീഴില്‍ ഒരുമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും പഴയ നിലപാടില്‍ മാറ്റം വരുത്താന്‍ ആര്‍ ഹരിയടക്കമുള്ള പുരോഗമന വാദികള്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആചാര അനുകൂല നിലപാടില്‍ നിന്ന് ആര്‍എസ്എസ് പിന്നോട്ടുപോകുന്നു എന്നതാണ് റെഡി ടു വെയ്റ്റുകാരെ പ്രകോപിപ്പിക്കുന്നത്. ആര്‍എസ്എസിലെ ആചാര സംരക്ഷണ വാദികളുടെ വിഭാഗമാണ് ആദ്യം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ മറുവിഭാഗം നിലപാടുമാറ്റത്തിന് തയ്യാറായതുമില്ല.
ഇതിന് പിന്നാലെയാണ് ശങ്കു ടി ദാസിന്റെ ഫെയ്‌സ്ബുക്ക് പോസറ്റ് പ്രത്യക്ഷപ്പെടുന്നത്. കെ.പി യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം വരുന്നതുമായി ബന്ധപ്പെട്ടാണ് യുവതി പ്രവേശന വിവാദങ്ങള്‍ തലപൊക്കുന്നതെന്നാണ് ആചാര സംരക്ഷണ വാദികള്‍ ഉയര്‍ത്തുന്ന വാദം. സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയതാണ് ചെറുവള്ളി എസ്റ്റേറ്റെന്ന വിയത്തില്‍ കെ.പി.യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ സംഘടനയ്‌ക്കെതിരായ കേസ് നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഈ കേസില്‍ യോഹന്നാന് വേണ്ടി ഹാജരാകുന്നത് ആര്‍. ഹരിയുടെ അനുജനായ ആര്‍.ഡി ഷേണായി ആണെന്നും ശങ്കു ടി ദാസ് പറയുന്നു.
ശബരിമല 365 ദിവസവും നട തുറക്കുന്ന, എല്ലാ ദിവസവും എല്ലാവര്‍ക്കും വരാവുന്ന, വിദേശത്തു നിന്നുള്‍പ്പെടെയുള്ള സന്ദര്‍ശക തിരക്ക് കാരണം ഒരു വിമാനത്താവളം ഒക്കെ അധികം ദൂരെയല്ലാതെ ആവശ്യമായി വരുന്നൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കാന്‍ ടിയാന്‍ നടത്തുന്ന പരിശ്രമങ്ങളെ സദ്ദുദ്ദേശപരവും നവോത്ഥാന ദാഹം മൂലവും ആയിരിക്കുമെന്ന് കരുതാനുള്ള നിഷ്‌കളങ്കത ഒന്നും എനിക്കില്ല. ക്ഷമിക്കുമല്ലോ. അയാള്‍ക്ക് ശബരിമല വിഷയത്തില്‍ താല്പര്യ വൈരുദ്ധ്യം ഉണ്ടെന്ന് തന്നെ ഞാന്‍ പറയും.- ശങ്കു. ടി. ദാസിന്റെ ഫെസ്ബുക്ക് പോസ്റ്റിലെ ആരോപണമാണിത്. ഇതടക്കം പലവിഷയങ്ങളും ഉന്നയിച്ച് സുദീര്‍ഘമായ വിമര്‍ശനമാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്.
സംഘത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് ആര്‍. ഹരി ഋഷിയും മഹാമേരുവും ദൈവതുല്യനുമൊക്കെയാവാം.
പുറത്തു നില്‍ക്കുന്ന വിശ്വാസിക്ക് എന്തായാലും അയാള്‍ അയ്യപ്പനെക്കാള്‍ വല്യ ദൈവമല്ലെന്നും ശങ്കു ടി ദാസ് പറഞ്ഞുവെക്കുന്നുണ്ട്. ഇതിന് മറുപടിയായി പദ്മ പിള്ള ഇട്ടകമന്റ് വ്യാപകമായി വായിക്കപ്പെടുകയുണ്ടായി. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നും പദ്മ പിള്ള പറയുന്നു.
വിവാദം സൈബര്‍ ആക്രമണത്തിലേക്ക്
വിഷയം ഇവിടം വരെ എത്തിയതോടെ വിവാദം ചൂടുപിടിച്ചു. ഇതോടെ ആചാര സംരക്ഷണത്തിന് ഒപ്പം നിന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ വ്യാപകമായി വന്നുതുടങ്ങി. പിന്നാലെ പലരും പോസ്റ്റുകള്‍ പിന്‍വലിച്ചു എന്നാല്‍ അവസാനം തന്റെ വിമര്‍ശനം ആര്‍എസ്എസിനെതിരെ അല്ലെന്നും അതിനുള്ളിലെ ഒരു വിഭാഗത്തോടു മാത്രമാണെന്നും സൂചിപ്പിക്കുന്ന മറ്റൊരു പോസ്റ്റാണ് പദ്മ പിള്ള പിന്നീട് ഇട്ടത്.
പിണറായി വിജയനെ എതിര്‍ക്കുക എന്നു പറഞ്ഞാല്‍ അത് തന്നെയൊരു പുണ്യപ്രവര്‍ത്തി ആണെന്നിരിക്കെ, ആ പ്രതിരോധത്തിനോട് വളരെ സ്‌നേഹമുണ്ട്. പക്ഷെ 'യുവതികള്‍ കയറിയാല്‍ അയ്യപ്പന് ഒരു ചുക്കും സംഭവിക്കില്ല' എന്നാവര്‍ത്തിക്കുന്ന യോഹു വിഭാഗത്തിലെ ആളുകളെയും ആചാരസംരക്ഷകരെന്നു തെറ്റിദ്ധരിച്ചുപോയതില്‍ ഉള്ള ആത്മനിന്ദ ഉണ്ട് താനും. 'അവര്‍' എന്നു ഞാനുദ്ദേശിച്ചത് അവരെയാണ്. അവര്‍ രാഷ്ട്രീയത്തിന് വേണ്ടി വന്നവരാണ്, ആ നിലയില്‍ മാത്രമേ കാണേണ്ടിയിരുന്നുള്ളൂ എന്നു സാരം.- പദ്മ പിള്ളയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രശ്‌നത്തില്‍ പരസ്പരമുള്ള ചെളിവാരിയെറിയലുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. വിഷയത്തില്‍ പദ്മ പിള്ള നിലപാടുകള്‍ വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കമന്റ് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും ആചാര സംരക്ഷണത്തിനെതിരെ നിന്നവരെ ഉദ്ദേശിച്ചുള്ളതാണ് അതെന്നും പദ്മ പിള്ള വീഡിയോയില്‍ പറയുന്നു. വിഷയത്തില്‍ സമാജത്തിനുള്ളില്‍ ചര്‍ച്ചകള്‍ തുടരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Content Highlights: Sabrimal Women Entry, Internal Conflict in Sangh Parivar Kerala