ശബരിമല: ശ്രീകോവിലിനു മുന്നിലെ ബലിക്കല്‍ പുരയുടെയും നമസ്‌കാര മണ്ഡപത്തിന്റെയും മുകള്‍ ഭാഗത്തായി സ്ഥാപിച്ച പുതിയ ദാരുശില്‍പ്പങ്ങളുടെ സമര്‍പ്പണം നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ദാരുശില്പങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത് ഭഗവാന്റെ മുന്നില്‍ പണക്കിഴി സമര്‍പ്പിച്ചു.

ബലിക്കല്‍പുരയുടെ മുകളില്‍ അഷ്ടദിക്പാലകരുടെയും നമസ്‌കാരമണ്ഡപത്തിന്റെ മുകളില്‍ നവഗ്രഹങ്ങളുടെയുമാണ് ദാരുശില്പങ്ങള്‍ സ്ഥാപിച്ചത്. പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും പുഷ്പങ്ങളും വള്ളികളും മറ്റലങ്കാരങ്ങളും നിര്‍മിച്ചിട്ടുണ്ട്.

പൂര്‍ണമായും തേക്കിലുള്ള ദാരുശില്പങ്ങള്‍, അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണന്‍ ആചാരിയുടെ മകന്‍ എളവള്ളി നന്ദനാണ് കൊത്തിയെടുത്തത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലായിരുന്നു നിര്‍മാണം. കൈകണക്കുകള്‍ തയ്യാറാക്കിയത് ദേവസ്വം ബോര്‍ഡിന്റെ സ്ഥപതി മനോജ് എസ്.നായരാണ്