തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആര് റിവ്യൂ ഹര്‍ജി കൊടുത്താലും സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നല്‍കിയ മറുപടികളോടും മന്ത്രി പ്രതികരിച്ചു. ശബരിമല സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന നിലപാടില്‍ ഉറച്ചനില്‍ക്കുകയാണ്. തികഞ്ഞ ആര്‍എസ്എസുകാര്‍ തന്നെയാണ് ഹര്‍ജി നല്‍കിയ അഞ്ചു പേരും. ഇവര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദസന്ദേശം അയച്ച എഎച്ച്പിയും വിഎച്ച്പിയും തമ്മില്‍ എന്താണ് വ്യത്യാസം. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തൊഗാഡിയ 48 മണിക്കൂര്‍ നല്‍കിയിരുന്നു. ആ സമയം കഴിഞ്ഞപ്പോള്‍ നടത്തിയ ഹര്‍ത്താല്‍ ആണ് ഇന്നു നടന്നത്. മഹാനവമി ദിവസത്തെ അലങ്കോലപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് അവര്‍ ആലോചിക്കണം അദ്ദേഹം പറഞ്ഞു

Content Highlights: Sabarimala Womens entry, Kadakampally surendran, Sreedharan pillai