എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദുവിനെയാണ് തുലാപ്പള്ളിയില്‍ വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞത്. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു.

എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വെച്ച് ഒരു സംഘം പ്രതിഷേധക്കാര്‍ ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയരുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് ബസില്‍നിന്നിറങ്ങിയ ബിന്ദു പോലീസ് വാഹനത്തില്‍ കയറി. ഇവരെ പോലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. എരുമേലിയിലേക്കാണ് ബിന്ദുവിനെ കൊണ്ടുപോയത്.

ആന്ധ്രാ സ്വദേശികളായ മറ്റു നാല് യുവതികളെക്കൂടി നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചത്.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.