പമ്പ: ശബരിമലയിലെത്തിയ മറ്റൊരു ആന്ധ്രാ സ്വദേശിനിയെക്കൂടി ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചു. പുഷ്പലത എന്ന സ്ത്രീയെയാണ് ഉച്ചയ്ക്കു ശേഷം പ്രതിഷേധക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചയച്ചത്. ഉച്ചയ്ക്കു മുന്‍പ് മറ്റൊരു ആന്ധ്രാ സ്വദേശിനിയെയും തിരിച്ചയച്ചിരുന്നു.

മരക്കൂട്ടത്തുവെച്ചാണ് പുഷ്പലതയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധക്കാര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ കൈയ്യില്‍ അതുണ്ടായരുന്നില്ല. ഇവരുടെ പ്രായം 50 വയസ്സില്‍ താഴെയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാവുകയും പ്രതിഷേധക്കാര്‍ ഇവരെ പമ്പ വരെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ പോലീസ് ജീപ്പില്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ഉച്ചയ്ക്ക് 12.15ഓടെ വലിയ നടപ്പന്തലിനു മുന്നില്‍വരെയെത്തിയ പാലമ്മ എന്ന സ്ത്രീയെ പ്രതിഷേധക്കാര്‍ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാതെ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം തോന്നുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആംബുലന്‍സില്‍ ഇവരെ പമ്പയിലേക്ക് കൊണ്ടുപോയി. 

പാലമ്മയും പുഷ്പലതയും ഒരുമിച്ചാണ് എത്തിയതെന്നാണ് സൂചന. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ധാരണയില്ലാതെയാണ് ഇന്ന് രണ്ടു സ്ത്രീകളും ശബരിമലയിലെത്തിയതെന്നാണ് കരുതുന്നത്. ഇവര്‍ കറുപ്പുടുക്കുകയോ മാല ധരിക്കുകയോ ചെയ്തിരുന്നില്ല. കേരളത്തില്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഇവര്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാനും എത്തിച്ചേരുകയായിരുന്നു എന്നാണ് സൂചന.