കോഴിക്കോട്:  ശബരിമല യുവതീ പ്രവേശന വിഷയം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി അനുസരിച്ച് ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീംകോടതി വിധി നമുക്ക് മറികടക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്രഗവണ്‍മെന്റാണെന്നും ഇക്കാര്യം ആവശ്യപ്പെടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 

വിഷയത്തില്‍ ശ്രീധരന്‍പിള്ള തെറ്റിധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല തീര്‍ഥാടനം ഭരണഘടന അനുസരിച്ച് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിര്‍മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് നിയമനിര്‍മാണം നടത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 

ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുകയാണ് ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളക്കളികള്‍ തുറന്നുകാണിക്കുന്നതിനായാണ് കോണ്‍ഗ്രസ് വമ്പിച്ച പ്രചാരണ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഒരു യുവതിയും പ്രവേശിക്കാതിരുന്നത് കേരളത്തിന്റെ മനസാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സുപ്രീം കോടതി വിധിയുടെ ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. അവര്‍ 99 ശതമാനവും ഇതിന് എതിരാണ്. ഇത് മനസിലാക്കാതെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഏത് മതവിഭാഗമാണെങ്കിലും അവരുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ശരിയല്ല എന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.