ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശന വിധി സംബന്ധിച്ച കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്‍മാറി. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണിത്. 

രണ്ടു കോടതിയലക്ഷ്യ ഹര്‍ജികളാണ് അനുമതി തേടി അറ്റോര്‍ണി ജനറലിന്റെ മുന്നിലെത്തിയത്. എന്നാൽ അറ്റോർണി ജനറൽ അപേക്ഷകൾ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയായിരുന്നു. ഇതില്‍ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അറ്റോര്‍ണി ജനറല്‍ പദവിയിലെത്തുന്നതിന് മുന്‍പ് കെ.കെ വേണുഗോപാല്‍ ശബരിമല കേസില്‍ ഹാജരായിരുന്നു. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു ദേവസ്വം ബോര്‍ഡിനുവേണ്ടി അദ്ദേഹം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് കരുതുന്നത്. 

പുനപ്പരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയോ ഏതെങ്കിലും വിധത്തിലുള്ള നടപടി എടുക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെയെന്തെങ്കിലും വേണ്ടിവന്നാല്‍ അതില്‍ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കേണ്ടതായി വരും. അത്തരമൊരു സാഹചര്യംകൂടി മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് പിന്‍മാറിയതെന്നാണ് സൂചന.

ശബരിമല സ്ത്രീപ്രവേശനക്കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയാണ് സ്വീകാര്യമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എജി രംഗത്തെത്തിയിരുന്നു. കോടതികള്‍ ജനങ്ങളുടെ വികാരവും മനസ്സിലാക്കണമെന്നും ഒരു ടെലിവിഷന്‍ ചാനലിന്റെ പരിപാടിയില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു.