തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സിപിഎം ജനങ്ങള്‍ക്കൊപ്പം വരുന്നു എന്നതിന്റെ സൂചനയാണ് പുതിയ സത്യവാങ്മൂലം നല്‍കുമെന്ന പിബി അംഗം ബേബിയുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാകുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. 2007-ല്‍ അന്നത്തെ സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ ചുവടുപിടിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പൂര്‍ണമായും പിന്‍വലിക്കണം.

സത്യവാങ്മൂലം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ അടിസ്ഥാനമാക്കിയുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കേസുകള്‍ ഉണ്ടായിട്ടുണ്ട്. ആ കേസുകള്‍ കൂടി പിന്‍വലിക്കുന്നതിനുളള നടപടിയെടുക്കുമെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എങ്കില്‍മാത്രമേ ശാന്തമായ അന്തരീക്ഷം ഉണ്ടാവുകയുളളൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

സിപിഎമ്മിന്റെ നിലപാടിനെ അവര്‍ കാട്ടിക്കൂടുന്ന കോമാളിത്തരമായിട്ടാണ് കാണുന്നതെന്ന് ബി.ജെ.പി. നേതാവ് വി.വി.രാജേഷ് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അടിത്തറ തകരുന്നു എന്നതിന്റെ സൂചനയാണ് പിബി അംഗം തന്നെ ഇക്കാര്യം പറയുന്നതിലൂടെ മനസ്സിലാകുന്നതെന്നും രാജേഷ് പറഞ്ഞു.