ശബരിമല: അയ്യപ്പഭക്തരെ നിലയ്ക്കലില്‍ തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുതേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. കൊട്ടാരക്കര സ്വദേശി ഗിരീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്ത വിഷയത്തിലും കമ്മീഷന്‍ നേരത്തെ ഇടപെട്ടിരുന്നു. ദേവസ്വം കമ്മീഷണര്‍, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പരാതികള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലും മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

Content Highlights: Sabarimala women entry, State Human Rights Commission