ആലപ്പുഴ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ നിരാശയും വേദനയുമുണ്ടെന്ന് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്നിധാനം അവിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ലെന്നും പിന്‍വാതിലിലൂടെ പ്രവേശിക്കാന്‍ യുവതികള്‍ക്ക് പോലീസ് സൗകര്യം ഒരുക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഇതാദ്യമായാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. യുവതി പ്രവേശനത്തില്‍ കടുത്ത പ്രതിഷേധമറിയിച്ച് ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തറവേലയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മസമിതി നടത്തിയ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ ബി.ജെ.പി, സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. മിക്ക ജില്ലകളിലും ബുധനാഴ്ച വൈകിട്ടോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പാലക്കാട്, കൊല്ലം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചു. 

Content Highlights: sabarimala women entry; sndp secretary vellappally natesan's response