കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ക്ഷേത്രത്തില്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ ആസൂത്രണം നടന്നിരുന്നതായി അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ക്ഷേത്രവും പതിനെട്ടാംപടിയും ബലിക്കല്ലുകളുമൊക്കെ ഉള്‍പ്പെടുന്ന ഭാഗത്ത് രക്തമോ അതുപോലുള്ള അശുദ്ധിയോ വീണാല്‍ ശബരിമല നട അടച്ചിടേണ്ടിവരും. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ കൈമുറിച്ച് രക്തം വീഴ്ത്തി നടയടപ്പിക്കാന്‍ പത്തിരുപതുപേര്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

'ആചാരലംഘനം നടന്നാല്‍ നടയടയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. ഗവണ്‍മെന്റിന് മാത്രമല്ലല്ലോ ഞങ്ങള്‍ക്കും പ്ലാന്‍ ബിയും പ്ലാന്‍ സിയുമൊക്കെ വേണമല്ലോ. അത് തുറന്നുപറയാന്‍ എനിക്ക് മടിയുമില്ല. ആരെങ്കിലും അതിക്രമിച്ച് പോലീസിന്റെ സഹായത്തോടെ അവിടെ കടക്കാന്‍ വന്നാല്‍, ഞാനവിടെ ഇല്ലെങ്കിലും മറ്റു പത്തിരുപതു പേര്‍ തയ്യാറായി നിന്നിരുന്നു. കയ്യില്‍ ചെറിയൊരു മുറിപ്പാടുണ്ടാക്കി രക്തം ക്ഷേത്രത്തില്‍ ഇറ്റുവീണാല്‍ ക്ഷേത്രം മൂന്നു ദിവസം അടച്ചിടേണ്ടി വരും. ആരു പറഞ്ഞാലും തുറക്കേണ്ടതില്ല. ഭക്തരെ പ്രകോപിപ്പിക്കാനാണെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടേതായ വഴികളുണ്ടെന്ന് ആരും മറക്കരുത്' -രാഹുല്‍ പറഞ്ഞു.

ഒരു ക്ഷേത്രവും രാജകുടുംബത്തിന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ അല്ലെന്നും രാഹുല്‍ പറഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ശ്രീപത്മനാഭന്റെയും ശബരിമല ക്ഷേത്രം സ്വാമി അയ്യപ്പന്റേതുമാണ്. അയ്യപ്പന് ആത്മീയമായ ആചാരങ്ങള്‍ പിന്തുടരാന്‍ തന്ത്രിയും ഭരണ നിര്‍വഹണത്തിന് ദേവസ്വവുമാണെന്ന് രാഹുല്‍ പറഞ്ഞു. ദേവസ്വത്തെ തങ്ങള്‍ വെല്ലുവിളിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നിലപാട് തിരുത്തി രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍

പോലീസിന്റെ സഹായത്തോടെ ശബരിമലയിലെത്തുന്നവരെ തടയാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയ ശേഷം പിന്നീട് രാഹുല്‍ ഈശ്വര്‍ ഇതു തിരുത്തി ഫേസ്ബുക്ക് ലൈവിലെത്തി. രക്തം വീഴ്ത്തി നടയപ്പിക്കാന്‍ ശ്രമിച്ചവരെ തടയുകയാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തം ചിന്തുന്നതിനു പോലും തയ്യാറുള്ളവരുണ്ടായിരുന്നു. അവരെ താന്‍ തടയുകയാണ് ചെയ്തതെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കരുതെന്നും ശാന്തമായി പ്രാര്‍ഥനയിലൂടെ വിജയം നേടണമെന്നും അവരോട് അപേക്ഷിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു.