തിരുവനന്തപുരം: തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം കേരളത്തിലെ ഒരു മാധ്യമം മാത്രമാണറിഞ്ഞത് ഇതിനെല്ലാം പിന്നില്‍ വ്യക്തമായ അജണ്ടയും ഗൂഢാലോചനയുമുണ്ടെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു 

കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പൂര്‍ണ്ണരൂപം

"ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പുണെയില്‍ നിന്നും ശബരിമലയ്ക്ക് തിരിക്കുന്നു എന്ന് പറഞ്ഞ് പുറപ്പെടുക. വെളുപ്പിനെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ എത്തിച്ചേരുക. കേരളത്തിലെ ഒരു മാധ്യമം മാത്രം വിവരമറിയുക. അവര്‍ ലൈവായി ബൈറ്റ് നല്‍കുക.  അതിനു ശേഷം തങ്ങൾ കോട്ടയം വഴി ശബരിമലയ്ക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞ് യാത്ര തുടരുന്നു.പക്ഷെ അവരെത്തിയത് കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ്. അവിടെ മുളകു പൊടിയുമായി ഒരാള്‍ നില്‍ക്കുന്നു. മുളകുപൊടി സ്പ്രേ മാധ്യമങ്ങളില്‍ ലൈവായി വരുന്നു. എല്ലാം ജനങ്ങളുടെ മുന്നിലെത്തുന്നു, ഇതിനു പിന്നില്‍ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനവുമുണ്ടെന്ന് തന്നെ ഞാന്‍ കരുതുന്നു.

രാവിലെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ പറഞ്ഞതും ജനങ്ങലെല്ലാം അറിഞ്ഞതും. എന്നാല്‍ അവര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പോയപ്പോൾ ഇത് നേരത്തെ അറിയാമായിരുന്ന സംഘം അവിടെ നില്‍ക്കുകയാണ്. അങ്ങനെ കാത്തു നില്‍ക്കുന്ന ആളുടെ കൈവശം മുളകു പൊടിയുണ്ട്. വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിനു പിന്നില്‍ നടക്കുന്നത്.

സർക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. 2018ലെ വിധി അംഗീകരിച്ച് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയ സർക്കാരാണ് ഇത്. എന്നാല്‍ 2019ലെ വിധിയില്‍ അവ്യക്തതകളുണ്ടെന്നത് നിയമജ്ഞരുടെ തന്നെ അഭിപ്രായമാണ്. അവ്യക്തത മാറുക എന്നത് പ്രധാനമാണ്. ഇപ്പോൾ നമ്മള്‍ മറന്ന രാമനമജാപം പുനരാരംഭിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ട് എന്ന വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

2015-16ലെ തീര്‍ഥാടന കാലത്തെ വെല്ലുന്ന തരത്തിലുള്ള തീര്‍ഥാടന പ്രവാഹമാണ് ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഈ ഘട്ടത്തില്‍ അസ്വസ്ഥത സമൂഹത്തില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയാണ് നടക്കുന്നത്", കടകംപള്ളി പറഞ്ഞു.

കോടതിവിധിയിലെ അവ്യക്തത സർക്കാരിനു മാറ്റാൻ ശ്രമിച്ചു കൂടെ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അവ്യക്തത തീർക്കാൻ തൃപ്തി ദേശായിക്കും ശ്രമിക്കാമെന്നുമാണ് കടകംപള്ളി മറുപടി പറഞ്ഞത്..

ബിജെപിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്ക് മുളക് സ്പ്രേ നടത്തിയത്. മറ്റു മാധ്യമങ്ങളൊന്നും തൃപ്തി വരുന്നതറിയാതെ അക്കാര്യം ഒരു ചാനലുമാത്രം അറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.

content highlights: Sabarimala women entry protest, chilli spray and minister kadakampally surendran respose