കൊയിലാണ്ടി: ശബരിമല ദര്‍ശനത്തിന് പോയ യുവതിയുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം. പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ നിലാ ഹൗസില്‍ ബിന്ദു ഹരിഹരന്റെ വീട്ടിലേക്കാണ് ശബരിമല കര്‍മ്മ സമിതിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ നാമജപ മാര്‍ച്ച് നടത്തിയത്. 

വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. വീട്ടിലേക്കുളള ഇടവഴിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ ഏറെ നേരം നാമജപം നടത്തി. ശക്തമായ പ്രതിഷേധം കാരണം  യുവതികള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ചറിങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധ സമരം നിര്‍ത്തി. പ്രതിഷേധ നാമജപത്തിന് ബി.ജെ.പി നേതാക്കളായ വി.ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വെളള്യാതോട് എന്നിവര്‍ നേതൃത്വം നല്‍കി. 

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡിസിലെ അസി. പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. 10 വര്‍ഷം മുമ്പ് വരെ താന്‍ സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകനായിരുന്നുവെന്ന് ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഭാര്യ ബിന്ദുവിന് സംഘടനകളുമായി ബന്ധമൊന്നുമില്ല. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ്. ഞായറാഴ്ചയാണ് ബിന്ദു ശബരിമലയ്ക്ക് പോയത്. ബിന്ദുവിന്റെ ശബരിമല യാത്രയ്ക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു.

Content Highlights: Sabarimala Women Entry, Sabarimala protest