പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. എന്നാല്‍ നിലവിലുള്ള ആചാരത്തിന് വിരുദ്ധമായതിനാല്‍ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ബിഗ് ഡിബേറ്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ പ്രവേശിക്കുന്നതോടുകൂടി ഒരുപാട് ആചാരങ്ങള്‍ മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
41 ദിവസത്തെ വൃതാനുഷ്ഠാനത്തോടുകൂടിയാണ് ഭക്തന്മാര്‍ വരേണ്ടത്. സ്ത്രീകള്‍ വരുമ്പോള്‍ അങ്ങനെ പറയാന്‍പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും തന്ത്രി പറഞ്ഞു. സ്ത്രീകള്‍കൂടി എത്തുന്നതോടെ അവിടെ എത്തുന്നവരുടെ എണ്ണം അധികമാകും. ഇപ്പോള്‍തന്നെ പുരുഷന്മാര്‍ക്ക് പോലും അവിടെ വരാനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. സ്ത്രീകളെക്കൂടി ഉള്‍ക്കൊള്ളേണ്ടിവരുമ്പോള്‍ അതേക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ വരുമ്പോള്‍ അവര്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. അവ ഇനി പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റുമെന്ന് കരുതുന്നില്ലെന്നും അതിന് ഒരുപാട് പ്രയത്‌നം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷ വലിയൊരു സങ്കീര്‍ണമായ പ്രശ്‌നമായി മാറുകയും ചെയ്യും. പമ്പമുതല്‍ ശബരിമലവരെ വനിതാ പോലീസുദ്യോഗസ്ഥരെ വിന്യസിക്കേണ്ടിവരും അവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്നും തന്ത്രി പറഞ്ഞു.
വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും കോടതിവിധിയെ വളരെ നിരാശാജനകമായാണ് കാണുന്നത്. വിശ്വാസമുള്ള ഒരുസ്ത്രീയും വരുമെന്ന തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെക്കുറിച്ച് കാലങ്ങളായി ഒരു സങ്കല്‍പമുണ്ട്. ഇപ്പോള്‍ അതൊക്കെ ഇല്ലാതാകുന്നു എന്ന വികാരമാണ് വിശ്വാസികള്‍ പങ്കുവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയിത്തം പോലെയുള്ള ദുരാചാരമല്ല ക്ഷേത്രങ്ങളിലേത്. സാമൂഹ്യ ആചാരങ്ങളും ക്ഷേത്രാചാരങ്ങളും വ്യത്യസ്ഥമാണ്. കുറേ ക്ഷേത്രങ്ങളുടെ അടിസ്ഥാനങ്ങളെന്നു പറയുന്നത് അതുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. അതുകൊണ്ടാണ് വിശ്വാസികള്‍ അങ്ങോട്ടേക്ക് എത്തുന്നതെന്നും തന്ത്രി വ്യക്തമാക്കി. കോടതിവിധിയെ എതിര്‍ക്കുന്നില്ല. വിഷയത്തില്‍ കോടതി വിധി മാനിച്ച് എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് ദേവസ്വംബോര്‍ഡുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.