കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ്. ഇക്കാര്യം കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തിയുടെ നിലപാട്. മനീഷ തിലക്, ഹരി നഷ്മി മായ,ജഗദ് ഗുരു ശങ്കരാചര്യ ത്രികാല്‍ ഭവന്ത സരസ്വതി മഹാരാജ് ഗായത്രി,ഛായ വിശോധര്‍, മീനാക്ഷി ഷിന്‍ഡാള്‍ എന്നിവരാണ് തൃപ്തിയോടൊപ്പമുള്ളത്. 

പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തിരികെ പൂണെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചുണ്ട്. അതേസമയം, തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. 

 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ശബരിമല ദര്‍ശനത്തിനെത്തിയ ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. തുടര്‍ന്ന് ശബരിമലയിലേക്ക് യാത്രതിരിച്ചെങ്കിലും പിന്നീട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. ഇവിടെവെച്ച് ബിന്ദു അമ്മിണിക്ക് നേരേ മുളകുസ്പ്രേ ആക്രമണവും കൈയേറ്റവുമുണ്ടായി. 

Content Highlights: sabarimala women entry; police wont give security trupti desai, she wants to go sabarimala