ശബരിമല: ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളെ ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കുന്നു. ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. ഇതിനിടെ കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച് നിന്നു. പോലീസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയകതായും യുവതികള്‍ പറഞ്ഞു. സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.
കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ഇവര്‍ക്ക് മുന്നോട്ട് നീങ്ങാനായിരുന്നില്ല. രണ്ടു മണിക്കൂറോളം ഇവിടെ തുടര്‍ന്നിട്ടും പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെയാണ് പോലീസ് ഇവരെ തിരിച്ചിറക്കിയത്.
രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മലചവിട്ടാന്‍ എത്തിയത്.സ്വാമി അയ്യപ്പന്‍ റോഡ് വഴിയല്ല, മറിച്ച് പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മലകയറിയിരുന്നത്.
അരമണിക്കൂര്‍ യാത്ര പിന്നിട്ടപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അപ്പാച്ചിമേട്ടില്‍ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. എന്നാല്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് പ്രതിഷേധം കനത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ വരെ പോലീസിന് ഇവരെ എത്തിക്കാനായെങ്കിലും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ല.
യുവതികളെ തിരിച്ചിറക്കുന്നതിനിടെയുണ്ടായ ഉന്തും തള്ളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരിച്ചിറക്കാന്‍ പോലീസ് തീരുമാനിച്ചതോടെ പ്രതിഷേധക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി.
Content Highlights: sabarimala women entry, Kanaga Durga-bindu ammini