പത്തനംതിട്ട: ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡലകാലം മുഴുവന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയിട്ടുള്ളത്. നിലവിലെ നിരോധനാജ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അഭ്യര്‍ഥന.

 ജില്ലാ പോലീസ് മേധാവിയാണ് നിരോധനാജ്ഞ നീട്ടണമെന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുള്ളത്. ജില്ലാ കളക്ടര്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. മണ്ഡല - മകരവിളക്ക് തീര്‍ഥാടനകാലം മുഴുവന്‍ നിരോധനാജ്ഞ വേണമെന്ന ശുപാര്‍ശ കഴിഞ്ഞ തവണയും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ നാല് ദിവസത്തേക്കുമാത്രം നിരോധനാജ്ഞ നീട്ടുകയാണ് കളക്ടര്‍ ചെയ്തത്.

ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പെടുത്തിയ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് നേതാക്കള്‍ സന്നിധാനത്തെത്തി നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിനിടെ, ഭക്തരെ നിലയ്ക്കലില്‍ തടഞ്ഞുനിര്‍ത്തി പോലീസ് പീഡിപ്പിക്കുന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlights: Sabarimala Women entry, Police, Prohibitory Orders