തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസില്‍ മതപരമായ ചേരിതിരിവുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഇടതുപക്ഷം യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. 

ശബരിമലയിലെത്തുന്നത് ആക്ടിവിസ്റ്റാണ് എന്നുള്ളതുകൊണ്ട് പ്രവേശനം നിഷേധിക്കാനാവില്ല. വ്യക്തികളെ നോക്കി പ്രവേശനം തടയാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. പോലീസില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ പോലീസിനെ നിര്‍വീര്യമാക്കി നിയമവാഴ്ച അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും കോടിയേരി ആരോപിച്ചു. ശബരിമലയിലെത്തിയ യുവതികള്‍ക്ക് പോലീസ് യൂണിഫോം കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പരിശോധിക്കുമെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ അതിനു വിരുദ്ധമായ നിലപാടാണ് കേരളത്തിലെ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അത് സംഘര്‍ഷം ഉണ്ടാക്കാന്‍ മാത്രമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റേണ്ടതില്ല. വ്യത്യസ്തമായ അഭിപ്രായമുള്ളവര്‍ ചെയ്യേണ്ടിയിരുന്നത് റിവ്യു ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ബിജപിയും കോണ്‍ഗ്രസും അതിന് തയ്യാറായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മുന്‍പ് ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അത് നടപ്പാക്കുകയാണുണ്ടായത്. ഇപ്പോഴത്തെ സുപ്രീം കോടതി വിധി സംസ്ഥാനസര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതല്ല. സ്ത്രീപ്രവശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബിജെപിയോ ആര്‍എസ്എസോ അഭിപ്രായം പറഞ്ഞിരുന്നില്ല. ഇപ്പോഴത്തെ വിധിയില്‍ ഇടപെടാന്‍ ബിജെപി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരുടെ ഇരട്ടത്താപ്പാണ്.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ രാമന്‍പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെ കോണ്‍ഗ്രസ് ബിജെപിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

കോടതിവിധിയെ അട്ടിമറിക്കാന്‍ നടത്തുന്ന സമരം വിശ്വാസികളെ രക്ഷിക്കാനല്ലെന്നും ഇതൊരു രാഷ്ട്രീയ സമരമാണെന്നും വ്യക്തമാണ്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇടതുപക്ഷ സംഘടനകള്‍ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ ജില്ലകളിലും എല്‍ഡിഎഫ് റാലികള്‍ സംഘടിപ്പിക്കും. കൂടാതെ എല്ലാ വീടുകളിലും പോയി വ്യക്തികളെ നേരിട്ടു കണ്ട് ശബരിമല വിഷയത്തിലെ വസ്തുതകള്‍ ധരിപ്പിക്കാന്‍ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. 140 അസംബ്ലി മണ്ഡലങ്ങളില്‍ കാല്‍നട ജാഥ, വിപുലമായ കുടുംബമേളകള്‍ എന്നിവയും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 12ന് നവോത്ഥാന സദസ്സും സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Content Highlights: Sabarimala women entry, Kodiyeri balakrishnan, Sabarimala